india-crime-news

TOPICS COVERED

ചണ്ഡീഗഢ് സെക്ടർ 22-ലെ ഔദ്യോഗിക വസതിയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ 18 വയസ്സുള്ള മകൻ വെടിവെച്ചുകൊന്നു. ഹെഡ് കോൺസ്റ്റബിളായ നിതിൻ സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകിയെ ഉടൻ വിവാഹം കഴിക്കണമെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്നും അർമാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പിന്നാലെ വിവിധ ആവശ്യങ്ങൾക്കായി പണവും ചോദിച്ചു. എന്നാൽ, ഇന്ത്യയിൽ പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സാണെന്നും അതുവരെ കാത്തിരിക്കണമെന്നും മാതാപിതാക്കൾ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവത്തിന് മുന്നോടിയായുള്ള തർക്കം. പിന്നാലെ ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചുകൊന്നെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പുറത്തുനിന്ന് ആരോ വീട്ടിലെത്തി പിതാവിനെ കൊലപ്പെടുത്തിയെന്ന് വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചതായാണ് റിപ്പോർട്ട്. അമ്മയെ ആക്രമിക്കാനും അർമാൻ ശ്രമിച്ചു. എന്നാൽ അവർ രക്ഷപ്പെട്ട് അയൽപക്കത്ത് അഭയം തേടി. അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവസ്ഥലത്തുനിന്ന് നാടൻ തോക്കും പൊലീസ് കണ്ടെടുത്തു.

അതേസമയം, അർമാൻ നേരത്തെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ അറസ്റ്റിലായിരുന്നെന്നും പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ സുഹൃത്തിന്റെ ഥാർ ഓടിക്കുന്നതിനിടെ രണ്ട് പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി.

ENGLISH SUMMARY:

An 18-year-old man, identified as Armaan, has been arrested for allegedly shooting his father, police head constable Nitin Singh, at their official residence in Chandigarh’s Sector 22. Police said a dispute over Armaan’s demand to marry his girlfriend immediately and bring her home reportedly preceded the shooting. The teenager allegedly used a country-made firearm while his father was asleep and later attempted to make the incident appear to be a home invasion. His mother reportedly escaped and sought help from neighbours, who alerted police.