mainpal-dhilla-2
  • പരോളിലിറങ്ങി രാജ്യംവിടുകയും ഒടുവില്‍ നാടുകടത്തപ്പെട്ട് തിരിച്ചെത്തി ജയിലിലാവുകയും ചെയ്ത കൊടും കുറ്റവാളി മെയിന്‍പാല്‍ ധില്ല വിവാഹിതനായി. ഹരിയാനയിലെ ജജ്ജറിലെ ഫംഹൗസില്‍ വച്ചായിരുന്നു മിന്നുകെട്ട്.

പരോളിലിറങ്ങി രാജ്യംവിടുകയും ഒടുവില്‍ നാടുകടത്തപ്പെട്ട് തിരിച്ചെത്തി ജയിലിലാവുകയും ചെയ്ത കൊടും കുറ്റവാളി മെയിന്‍പാല്‍ ധില്ല വിവാഹിതനായി. ഹരിയാനയിലെ ജജ്ജറിലെ ഫംഹൗസില്‍ വച്ചായിരുന്നു മിന്നുകെട്ട്. വിവാഹത്തിനായി ധില്ലയ്ക്ക് 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. കാമുകിയും ധില്ലയുടെ മൂന്ന് മക്കളുടെ അമ്മയുമാണ് കംബോഡിയക്കാരിയായ വധു മെറ്റ ചാന്‍. 

അന്‍പതുകാരനായ ധില്ല കൊലപാതകം ഉള്‍പ്പെടെ 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2007ലും 2010ലും റജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ജീവപര്യന്തം തടവനുഭവിക്കുന്നതിനിടെയാണ് 2018ല്‍ ഇയാള്‍ പരോളിലിറങ്ങി മുങ്ങിയത്. സോനു കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ടുണ്ടാക്കി ബാങ്കോക്ക് വഴി കംബോഡിയയിലേക്ക് പോയ ധില്ല അവിടെ സീം റീപ് മേഖലയില്‍ താവളമുറപ്പിച്ചു. Also Read: വായില്‍നിന്ന് ചോര ഛര്‍ദിച്ച നിലയില്‍ തെരുവ്നായകള്‍; തീരാപക; 17 നായ്ക്കളെ കൊന്നയാള്‍ പിടിയില്‍


കംബോഡിയയില്‍ നൈറ്റ് ക്ലബ് തുടങ്ങിയ ധില്ല അവിടെ വച്ച് പരിചയപ്പെട്ട മെറ്റ ചാനിനെ ജീവിതപങ്കാളിയാക്കി. ഏറെക്കാലമായി ഒന്നിച്ചുതാമസിക്കുന്ന ധില്ല–ചാന്‍ ദമ്പതികള്‍ക്ക് കംബോഡിയയില്‍ വച്ചുതന്നെ മൂന്ന് മക്കളും പിറന്നു. എന്നാല്‍ ഈ ജീവിതം അധികം നീണ്ടില്ല. ഹരിയാന പൊലീസിന്‍റെ അപേക്ഷയെത്തുടര്‍ന്ന് സിബിഐ ധില്ലയ്ക്കായി ഇന്‍റര്‍പോള്‍ വഴി 2024 നവംബറില്‍ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. 

വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ധില്ല ഇന്ത്യ വിട്ടതും കംബോഡിയയില്‍ എത്തിയതുമെന്ന് സിബിഐ നോംപെന്നിലെ ഇന്‍റര്‍പോളിന്‍റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയെ അറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ധില്ലയെ കംബോഡിയന്‍ പൊലീസ് പൊക്കി! 2025 മാര്‍ച്ച് 26ന് ധില്ലയെ അറസ്റ്റ് ചെയ്ത വിവരം സിബിഐയ്ക്ക് ലഭിച്ചു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും ഇടപെട്ട് നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ധില്ലയെ ഇന്ത്യയ്ക്ക് കൈമാറി. 

ധില്ലയ്ക്കൊപ്പം ഭാര്യയും മക്കളും ഇന്ത്യയിലേക്ക് വന്നിരുന്നു. ജജ്ജറിലെ ബദ്‍ലി സ്വദേശിയാണ് മെയിന്‍പാല്‍ ധില്ല. ഹരിയാനയെ വിറപ്പിച്ചിരുന്ന കുറ്റവാളിയാണെങ്കിലും ഏറെക്കാലമായി ജീവിതപങ്കാളിയായ വിദേശവനിതയെ വിവാഹം കഴിക്കാന്‍ കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെയാണ് വിവാഹത്തിനായി അനുവദിച്ച പരോള്‍ സമയം. വന്‍ സുരക്ഷയിലായിരുന്നു വിവാഹം.

ENGLISH SUMMARY:

Mainpal Dhilla, a convicted criminal who had escaped while on parole, fled the country and was eventually deported back to India and imprisoned, has now got married. The wedding took place at a farmhouse in Jhajjar, Haryana, under tight police security. Dhilla was granted 12 hours of parole specifically to get married. His bride, Cambodian national Meta Chan, is his longtime partner and the mother of his three children.