• നെടുമ്പാശേരി കാറപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ കെ.പി. ശശികല വക്കീൽ നോട്ടീസും മാനനഷ്ടക്കേസും നൽകുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഗോപികയുടെ വല്യച്ഛൻ എം.ആർ. അനിൽകുമാർ.

കെപി ശശികല മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി നെടുമ്പാശേരിയില്‍ കാറിടിച്ച് മരിച്ച ഗോപികയുടെ വല്യച്ഛന്‍ എംആര്‍ അനില്‍കുമാര്‍. വാര്‍ത്തസമ്മേളനത്തില്‍ കുടുംബം ശശികലയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. മരിച്ച കുട്ടികളെ മതത്തിന്‍റെ പേരില്‍ മോശമായി ചിത്രീകരിച്ചു എന്നാണ് കുടുംബം ശശികലയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. 

Also Read: 'പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്ത സാമ്പിളെടുത്തു; മുകളില്‍ നിന്ന് വിളിച്ചതുകൊണ്ടെന്ന് സിഐ പറഞ്ഞു'

ശശികലയ്ക്ക് എതിരെ സംസാരിച്ചത് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. 'ശശികലയ്ക്ക് എതിരെ വാര്‍ത്ത സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അവരുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. അത് വ്യാജമാണെങ്കിൽ അത്തരം പ്രചരണത്തിനെതിരെ ആദ്യം അവർ ഡിജിപിക്ക് പരാതി കൊടുക്കട്ടെ. പ്രസ്താവന നിഷേധിച്ച് പരസ്യമായി പ്രതികരിക്കട്ടെ' അനില്‍കുമാര്‍ പറഞ്ഞു. 

മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാൻ ആദ്യം പഠിക്കണം. എന്നിട്ട് മാനനഷ്ടവുമായി ഇറങ്ങുന്നതാണ് മനുഷ്യത്വം. അത് ചെയ്ത് കഴിഞ്ഞിട്ട് താങ്കൾ വക്കീലിനേയും കൂട്ടി കോടതിയിലേക്ക് പോകുന്നതല്ലേ നല്ലതെന്നും അനില്‍കുമാര്‍ ചോദിച്ചു. അനില്‍കുമാറിന്‍റെ അനിയൻ എംആർ പ്രദീപ് കുമാറിന്‍റെ മൂത്ത മകളാണ് അപകടത്തില്‍ മരിച്ച ഗോപിക. 

Also Read: 'ലോക്കപ്പില്‍ പ്രതി മലര്‍ന്ന് കിടന്നുറക്കം; അമിതമായി മദ്യപിച്ചുവെന്നത് എഫ്ഐആറിലില്ല'

സോഷ്യല്‍ മീഡിയയിലൂടെ ശശികല വൃത്തികേടുകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ഗോപികയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. 'മുസ്‍ലിം ചെറുക്കനൊപ്പം രണ്ടു ഹിന്ദു കുട്ടികള്‍ എന്തിന് പോയെന്നാണ് ചോദിക്കുന്നത്. ശശി കലയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കുടുംബത്തിന് പ്രതിഷേധമുണ്ട്. അവരുടെ വൃത്തികേട് ആയിരക്കണക്കിനു പേരാണ് ഷെയര്‍ ചെയ്യുന്നത്. കുടുംബത്തിന്‍റെ അനുമതിയോടെയാണ് കുട്ടി പോയത്' എന്നും കുടുംബം പറഞ്ഞു. 

ENGLISH SUMMARY:

M.R. Anilkumar, the uncle of Nedumbassery accident victim Gopika, revealed that Hindu Aikya Vedi leader K.P. Sasikala threatened his family with a defamation lawsuit following their press conference statements. The family previously accused Sasikala of spreading communal hate on social media by questioning why Hindu girls were traveling with a Muslim youth. Anilkumar clarified that their statements were based on viral social media posts circulating under her name and challenged her to lodge a complaint with the DGP if those posts were fake. He urged Sasikala to show basic humanity and respect toward the grieving family before pursuing legal action.