• 'മുകളിൽ നിന്ന് വിളിച്ചതുകൊണ്ട് ചെയ്തുവെന്ന് സിഐ പറഞ്ഞു', നെടുമ്പാശേരി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണം

നെടുമ്പാശേരിയിൽ സുഹൈല്‍ സജീവിന്‍റെ കാറിടിച്ച് മരിച്ച ഗോപികയുടെ രക്ത സാമ്പിളുകള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശേഖരിച്ചതായി കുടുംബം. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് തുന്നികെട്ടിയ ശേഷം തുന്നല്‍ അഴിച്ച് രക്തസാമ്പിളെടുത്തു . മുകളില്‍ നിന്ന് വിളിച്ചിട്ടാണ് ചെയ്യുന്നതെന്ന് സിഐ പറഞ്ഞെന്നും സംഭവത്തില്‍ കൃത്രിമത്വം സംശയിക്കുന്നതായും ഗോപികയുടെ അച്ഛന്‍ പറഞ്ഞു. 

Also Read: 'ലോക്കപ്പില്‍ പ്രതി മലര്‍ന്ന് കിടന്നുറക്കം; അമിതമായി മദ്യപിച്ചുവെന്നത് എഫ്ഐആറിലില്ല'

ഗോപികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. മറ്റു കുട്ടികളുടേത് കളമശേരിയിലും.  പറഞ്ഞ സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ വൈകിയാണ് മൃതദേഹം വിട്ടുകിട്ടിയതെന്ന് ഗോപികയുടെ വീട്ടുകാര്‍ പറഞ്ഞു. 

'നിങ്ങള്‍ക്ക് ഗുണകരമാകുന്ന കാര്യത്തിനാണ് രക്ത സാമ്പിളെടുത്തതെന്നാണ് സിഐ പറഞ്ഞത്. കാറില്‍നിന്നും ലഭിച്ച രക്ത സാമ്പിള്‍ ഗോപികയുടെ രക്ത സാമ്പിളുമായി താരതമ്യം ചെയ്യാനാണെന്ന് സിഐ പറഞ്ഞു.  തെളിഞ്ഞാല്‍ ഇടിച്ച വാഹനം ഇതാണെന്ന് തെളിയിക്കാന്‍ എളുപ്പമാകും. പക്ഷേ ഇക്കാര്യങ്ങളില്‍ സംശയമുണ്ട്. ആരാണ് മുകളില്‍ നിന്നും വിളിച്ചു പറഞ്ഞത്' എന്നിങ്ങനെയാണ് ഗോപികയുടെ കുടുംബത്തിന്‍റെ വാക്കുകള്‍. 

നീതി കിട്ടുമോ എന്നതിൽ ഭയമുണ്ടെന്നും ഗോപികയുടെ അച്ഛൻ പറഞ്ഞു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് ഇത്രയും വലിയ അപകടമുണ്ടാക്കി മൂന്ന് പേരെ കൊന്നുകളഞ്ഞിട്ട് അക്കാര്യം ആദ്യത്തെ എഫ്ഐആറിലില്ലെന്നതാണ്. എന്ത് അടിസ്ഥാനത്തിലാണ് പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് വിട്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതെല്ലാം ഈ കേസ് അട്ടിമറിക്കാനാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും ഗോപികയുടെ അച്ഛന്‍ പറഞ്ഞു. 

ENGLISH SUMMARY:

The grieving family of Gopika, one of the victims in the fatal Nedumbassery mini-cooper crash, has raised serious suspicions over police actions after blood samples were allegedly extracted from her body even after the post-mortem was completed. According to her father, the CI claimed the directive came from higher-ups to match her blood with samples found inside the accused's vehicle. The family also expressed deep fear that the case is being manipulated, noting the initial FIR's failure to mention drunk driving and questioning the legal basis for sending the accused to a Borstal school. They stated that they are deeply anxious about whether they will receive genuine justice given these suspicious procedural delays and actions.