കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്നും പുറത്തിറങ്ങിയ നെടുമ്പാശേരി വാഹനാപകടകേസിലെ പ്രതി സുഹൈല്‍ സജീവിനെ ക്യാമറകളില്‍ നിന്ന് ഒളിപ്പിക്കാന്‍ ബന്ധുക്കളുടെ ശ്രമം. പുറത്തിറങ്ങിയ ഉടനെ ബന്ധുക്കള്‍ സുരക്ഷാകവചം ഒരുക്കി കാറില്‍ കയറ്റിയാണ് കൊണ്ടുപോവുകയായിരുന്നു. സിനിമ സ്റ്റൈലില്‍ കാറുകള്‍ നിരത്തി നിര്‍ത്തി മാധ്യമങ്ങളുടെ കാമറകള്‍ തട്ടിമാറ്റി കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
സുഹൈല്‍ പുറത്തിറങ്ങാന്‍ അരമണിക്കൂറെടുക്കുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെ കയ്യിലൊരു സഞ്ചിയുമായി ഇയാള്‍ ജയില്‍ ഗെയ്റ്റിന് പുറത്തേക്കിറങ്ങി. ഈ സമയം, സമീപത്തായി നിലയുറപ്പിച്ച ബന്ധുക്കള്‍ സുഹൈലിനടുത്തേക്ക് ഓടിയടുത്ത് മുഖം മറച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. പിന്നാലെ വേഗതയില്‍ കാര്‍ ജയില്‍ പരിസരത്തു നിന്നും ഓടിച്ചു പോയി. ഇതിനു ശേഷം ചിരിച്ചുകൊണ്ടാണ് ബന്ധുക്കള്‍ മടങ്ങിയത്.
മൂന്നു പേരെ കാറിടിപ്പിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയായ സുഹൈല്‍, ഒരു മാസവും അഞ്ചു ദിവസവും ബോസ്റ്റല്‍ സ്കൂളില്‍ കഴിഞ്ഞതിനു ശേഷമാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ആറാം തീയതി സുഹൈൽ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കേസിലെ അന്വേഷണ നടപടികളും ഡിജിറ്റൽ തെളിവുകളുടെ ശേഖരണവും പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സുഹൈലിന്‍റെ മോചനം കോടതി പത്ത് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 11നാണ് മദ്യപിച്ച് അമിതവേഗത്തിൽ സുഹൈൽ ഓടിച്ച കാർ ഇടിച്ച് രണ്ട് യുവതികളടക്കം മുന്നുപേര്‍ മരിച്ചത്. സംഭവത്തിൽ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.