മൂന്നു പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടത്തില്‍ മിനി കൂപ്പര്‍ കാര്‍ മരണവേഗത്തിലെന്ന് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. FIRST ON MANORAMA NEWS. അപകടം സംഭവിക്കുന്നതിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്റർ ആയിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. അപകടത്തിന് ഒരു സെക്കൻഡ് മുൻപ് ബ്രേക്ക് ഉപയോഗിച്ചെങ്കിലും, കൂട്ടിയിടിക്കുന്ന സമയം വാഹനത്തിന്റെ വേഗം മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നു. വെറും 11 സെക്കൻഡുകൾ കൊണ്ട് കാർ 500 മീറ്റർ ദൂരമാണ് പിന്നിട്ടതെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇക്കാര്യം നേരത്തെ മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 

ഇവന്റ് ഡേറ്റ റിക്കോർഡർ

 

വാഹനത്തിന്റെ തൽസ്ഥിതി വിവരങ്ങൾ സ്വയം റിക്കോഡ് ചെയ്യുന്ന സംവിധാനമാണിത്. കാറിന്റെ വേഗം വളരെപ്പെട്ടെന്നു താഴുകയോ ഉയരുകയോ ചെയ്യുമ്പോഴാണു റിക്കോഡിങ് തുടങ്ങുക. അപകടത്തിനു 30 സെക്കൻഡ് മുൻപു വരെയുള്ളതും അപകടത്തിന്റെ കുറച്ചു സെക്കൻഡുകളുടെയും വിശദാംശങ്ങൾ ഇതിലുണ്ടാകും. വേഗം, ബ്രേക്കിന്റെ നില, സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ, സ്റ്റിയറിങ്ങിന്റെ നില തുടങ്ങിയ വിവരങ്ങളാണു ലഭിക്കുക. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ ചെറുപതിപ്പാണിതെന്നു പൊലീസ് പറയുന്നു.

 

Also read: നെടുമ്പാശേരി അപകടം; സുഹൈല്‍ പറഞ്ഞത് കളവ്; അരകിലോമീറ്റര്‍ പിന്നിട്ടത് 11 സെക്കന്‍ഡില്‍

കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവും(19), മൂന്നാം പ്രതി ജോയൽ എസ്. ആന്റോയും(19) ആണ്. നിനവ്, അമീൻ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളുടെ ജാമ്യാപേക്ഷ നവംബർ 6ന് പരിഗണിക്കും. തുടർച്ചയായ ജയിൽവാസം പഠനത്തെ ബാധിക്കുമെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. അപകടം നടന്ന 11 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കില്ലെന്നും സുഹൈൽ സജീവ് അറിയിച്ചു. അമിത വേഗത്തിലാണു സുഹൈൽ കാർ ഓടിച്ചതെന്നു ജോയൽ പറയുന്നതായുള്ള ശബ്ദസന്ദേശം പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 

 

11ന് പുലർച്ചെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദേവിക, ഗോപിക, ഇയാസ് എന്നിവരാണു കൊല്ലപ്പെട്ടത്. 4 പ്രതികളെയും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണു റിമാൻഡ് ചെയ്തിരിക്കുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports that scientific test results confirm the Mini Cooper involved in the fatal Nedumbassery accident was traveling at a lethal speed of 144 km/h at the time of the crash. The Event Data Recorder analysis revealed the vehicle's extreme speed just seconds before the collision that claimed three lives.