ഉറ്റബന്ധുവില്‍ നിന്ന് കൗമാരപ്രായത്തിലുണ്ടായ ലൈംഗിക പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സ്വദേശിയായ യുവതി. പതിമൂന്നാം വയസില്‍ അച്ഛന്‍റെ ബന്ധുവില്‍ നിന്ന്, പിതൃസ്ഥാനീയനില്‍ നിന്നാണ് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നത്. പുറത്താരോടെങ്കിലും പറഞ്ഞാല്‍ അനിയത്തെയെയും ദുരുപയോഗം ചെയ്യുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പതിനെട്ടാം വയസില്‍ ധൈര്യം സംഭരിച്ച് അമ്മയോടും അച്ഛനോടും അമ്മാവന്‍മാരോടും കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. Also Read: 'അടുത്തത് നിന്‍റെ അനിയത്തി'; 13 ാംവയസില്‍ ഉറ്റബന്ധുവില്‍ നിന്ന് ക്രൂരലൈംഗിക പീഡനം; യുവതി നിയമപോരാട്ടത്തിന്
നാല്‍പത് വയസുകാരിയായ തന്നോട് ഇത്രകാലം ഇത് മിണ്ടാതെയിരുന്നതെന്തേയെന്ന് ചോദിക്കുന്നവരോടും യുവതിക്ക് മറുപടിയുണ്ട്. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ: ' 27 വർഷം പരാതി നൽകാൻ വൈകിയതെന്തുകൊണ്ടാ? ഇത് ശരിക്കും പറഞ്ഞാൽ ഞാന്‍ ഏറ്റവും കൂടുതൽ എന്നോട് തന്നെ ചോദിച്ച ഒരു കാര്യമാണ്. പതിമൂന്ന് മുതൽ പതിനെട്ട് വയസ്സുവരെയാണ് ഇത് നടന്നത്. എന്നെ അബ്യൂസ് ചെയ്ത ആള് എന്റെ അനിയത്തിയും അങ്ങനെ ചെയ്യും എന്ന് പറഞ്ഞപ്പോള്‍ ആ പേടിയിൽ ഞാൻ എല്ലാവരുടെ അടുത്തും പറയുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും അമ്മാവന്‍മാരുടെയും ഫാമിലിയുടെ അടുത്തുമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അവര്‍ക്കൊക്കെ ഷോക്കായിപ്പോയി. പേടിയും.
എനിക്കന്ന് ചെറുപ്പമാണ് , പതിനെട്ട് വയസ്സാണ്, കല്യാണം കഴിഞ്ഞിട്ടില്ല. പിന്നെ അവരുടെ വീട്ടുകാരെ വേദനിപ്പിക്കേണ്ട, അച്ഛന്റെ വയസ്സായ അമ്മയും ചെറിയമ്മയും ആ വീട്ടിൽ ഉണ്ടായിരുന്നു. അവര്‍ക്ക് പ്രായമല്ലേ, അവരെ വേദനിപ്പിക്കേണ്ട എന്നൊക്കെ വച്ച് ആരും ഒന്നും മിണ്ടിയില്ല. വലിയതായപ്പോള്‍ ഞാന്‍ ഇത് മറക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്.പക്ഷെ ഇതെനിക്ക് മറക്കാൻ പറ്റില്ല. ഞാൻ കല്യാണം കഴിഞ്ഞ് മലേഷ്യയിൽ പോയി. പല രാജ്യങ്ങളിലും പോയി താമസിച്ചു. പക്ഷെ ഇത് ഓരോ വർഷം തീരുമ്പോൾ ഇത് വേദന കൂടി വന്നിട്ടേയുള്ളൂ.
ഇപ്പൊ രണ്ടുവർഷം മുന്നേയാണ് എന്റെ മൂത്ത മോന് പതിമൂന്ന് വയസ്സായത്. സത്യത്തില്‍ അപ്പോഴാണ് ഞാന്‍ അവനില്‍ എന്നെ കാണാൻ തുടങ്ങിയത്, ഞാൻ എന്തൊരു ചെറിയ കൊച്ചായിരുന്നു എന്ന് എനിക്കോര്‍മ വന്നു. അന്നത് നടക്കുമ്പോള്‍ എനിക്ക് പേടിയായിരുന്നു. ആദ്യം കുറെ വർഷം ഇതെന്താ നടക്കുന്നത് എന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.
മോശമായി പെരുമാറിയ ശേഷം ഇയാള്‍ എന്നെ പേടിപ്പിച്ച് വന്നു. ' നിന്നെ ആരും വിശ്വസിക്കില്ല, എനിക്ക് നിന്‍റെ അച്ഛന്‍റെ സ്ഥാനമാണ്' എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. എനിക്കിന്നും ആ വാക്കുകള്‍ ട്രിഗറാണ്..'അച്ഛന്‍റെ സ്ഥാനം'. മൂന്ന് പ്രാവശ്യം ഇങ്ങനെ ഇയാള്‍ എന്‍റെ വായ പൊത്തി. എന്നെ അബ്യൂസ് ചെയ്തപ്പോള്‍ എനിക്ക് വേദനിച്ചു. ആ രണ്ട് പ്രാവശ്യവും ഇയാള്‍ എന്‍റെ വായില്‍ പുതപ്പ് കുത്തിത്തിരിച്ചു. അതൊക്കെ തെറ്റാണെന്ന് എനിക്കറിയാമായിരുന്നു. പിന്നെപ്പിന്നെ എന്‍റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങി. എനിക്ക് എന്നോട് തന്നെ അറപ്പും വെറുപ്പും ഭയങ്കര സങ്കടവും ദേഷ്യവുമെല്ലാം വരാന്‍ തുടങ്ങി.
പതിനെട്ട് വയസായപ്പോള്‍ എനിക്കൊരു ധൈര്യം വന്നു. ഞാന്‍ പ്രായപൂര്‍ത്തിയായി. ഇനി ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് തോന്നി. അപ്പോള്‍ അയാളോട് 'നിങ്ങള്‍ എന്നെ ഇങ്ങനെ ചെയ്താല്‍ ഞാന്‍ പൊലീസിന്‍റെ അടുത്തു പോകും' എന്ന് പറഞ്ഞു. 'നീ ഇനി സമ്മതിച്ചില്ലെങ്കില്‍ നിന്‍റെ അനിയത്തിയെയാണ് ഇങ്ങനെ ചെയ്യുക' എന്നായിരുന്നു അയാളുട മറുപടി. അപ്പോള്‍ ഭയന്നിട്ട് ഞാന്‍ എന്‍റെ അമ്മാവനോട് പോയി പറഞ്ഞു. പിന്നെ അച്ഛനോടും അമ്മയോടും.. എല്ലാവരോടും. എല്ലാവരും ഞെട്ടി. പക്ഷേ എല്ലാവര്‍ക്കും എന്നെ വിശ്വാസമായിരുന്നു. ഇത്രയും ഡീറ്റെയില്‍ഡായിട്ട് ഒരു കൊച്ച് പറയണമെങ്കില്‍ കാരണമുണ്ടാകുമെന്ന് എല്ലാവര്‍ക്കും മനസിലായി. ഇങ്ങനെ നടന്നതാണെന്ന് എല്ലാവരും വിശ്വസിച്ചു.
അന്നത്തെ ആ പതിമൂന്നുകാരിക്ക് എന്തെങ്കിലും ഒരു ക്ലോഷര്‍ കൊടുക്കണമെന്ന് എനിക്കുണ്ട്. എനിക്കത് ഭയങ്കരപ്രധാനമാണ്. ആര് എന്ത് ചെയ്താലും എന്റെ ഇരുപത്തിയേഴ് വർഷം എനിക്ക് തിരിച്ചുകിട്ടില്ല. ആ ക്ലോഷറിന് വേണ്ടിയാണ് ഞാനിപ്പോള്‍ കേസിന് പോകുന്നത്'.