സൈക്കിളില്‍ കത്തുമായി പോസ്റ്റുമാന്‍ വീട്ടിലേക്ക് വരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. കത്തും മണി ഓര്‍ഡറും എല്ലാം കുറഞ്ഞു തുടങ്ങിയ ഈ കാലത്ത് അതിന്‍റെ രീതികള്‍ ആകെ മാറി. എന്നാല്‍ ഇപ്പോഴും നാട്ടുവഴികളിലൂടെ സൈക്കിള്‍ ചവിട്ടി വീടുകളിലെത്തുന്ന ഒരു പോസ്റ്റുമാനുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറയില്‍. ലോക തപാല്‍ ദിനത്തില്‍, മൂന്ന് പതിറ്റാണ്ടില്‍ അധികമായി സൈക്കിള്‍ മേല്‍വിലാസമാക്കിയ ശ്രീകുമാരനെ പരിചയപ്പെടുത്തുകയാണ് പോസ്റ്റല്‍ ദിനത്തില്‍.
കൈതച്ചിറയുടെ ഗ്രാമീണവഴികളില്‍ ശ്രീകുമാരന്‍റെ സൈക്കിള്‍ ബെല്‍ കാത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് ബന്ധുക്കള്‍ അയയ്ക്കുന്ന കത്തുകള്‍. മണി ഓര്‍ഡറുകള്‍.. അങ്ങനെ പലതും.. അക്ഷരങ്ങളിലൂടെ സ്നേഹ സന്ദേശങ്ങള്‍ കൈമാറിയിരുന്ന കാലം. ഇന്ന് തപാല്‍ മേഖല ആകെ മാറിയെങ്കിലും പോസ്റ്റുമാനായ കെ.ശ്രീകുമാരന് മാറ്റമൊന്നുമില്ല. 33 വര്‍ഷമായി സൈക്കിള്‍ ചവിട്ടിയാണ് വീടുകളിലേക്ക് തപാല്‍ എത്തിക്കുന്നത്. ഈ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് സൈക്കിള്‍ ഒരു തവണ മാറ്റി അത്രമാത്രം. മാറുന്ന കാലത്തെ കുറിച്ച് ബോധ്യമില്ലാത്ത ആളല്ല ശ്രീകുമാരന്‍. ഇതുവരെ മറ്റ് വാഹനം ഓടിക്കണമെന്ന് തോന്നിയിട്ടില്ല. കത്തുകള്‍ക്ക് പകരം പുസ്തകങ്ങളും പാഴ്സലുകളുമാണ് ഇന്ന് കൂടുതല്‍. ഭാരക്കൂടുതലുള്ള പാഴ്സല്‍ ചാക്കിലാക്കി കാരിയറില്‍ കെട്ടിവയ്ക്കും.
ഒരു ദിവസം 25 കിലോമീറ്ററോളം സൈക്കിളില്‍ പോകും. സൈക്കിള്‍ ബെല്ലിനൊപ്പം പഴയ ഗാനങ്ങള്‍ മൂളിപ്പാട്ടായി പാടിക്കൊണ്ടാണ് യാത്ര. വയസ് അറുപതായി. വിരമിക്കാന്‍ അഞ്ചുവര്‍ഷം കൂടിയുണ്ട്. അവിവാഹിതനായ ശ്രീകുമാരന്‍ സഹോദരന്‍റെ കൂടെയാണ് താമസിക്കുന്നത്. വിരമിച്ചാല്‍ സൈക്കിളില്‍ ശബരിമലയിലേക്ക് പോകണമെന്നാണ് പോസ്റ്റുമാന്‍റെ ആഗ്രഹം. സൈക്കിള്‍ മേല്‍വിലാസമാക്കിയ ശ്രീകുമാരന്‍ നാട്ടുവഴികളിലൂടെ തന്‍റെ യാത്രകള്‍ തുടരുകയാണ്.