ആരുമില്ലാത്ത വയോജനങ്ങൾക്കും അവശരായ ജീവജാലങ്ങൾക്കും ഒരുപോലെ തണലൊരുക്കി വേറിട്ട കാരുണ്യപാത വെട്ടിത്തെളിക്കുകയാണ് ബെഥ്സെയ്ദ അഭയകേന്ദ്രം ഡയറക്ടർ ഫാദർ സന്തോഷ് ജോർജ്. പത്തനംതിട്ട തുമ്പമൺ താഴത്തെ പുന്നക്കുന്ന് മലയിലുള്ള അഭയകേന്ദ്രത്തിൽ നാൽപതോളം വയോജനങ്ങൾക്കൊപ്പം നൂറുകണക്കിന് വളർത്തുമൃഗങ്ങളെയുമാണ് അച്ചൻ പരിപാലിക്കുന്നത്. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന വൃദ്ധജനങ്ങൾക്ക് ഈ ജീവജാലങ്ങളുടെ സാന്നിധ്യവും പരിചരണവും വലിയ ആശ്വാസവും സന്തോഷവുമാണ് നൽകുന്നത്.
അഭയകേന്ദ്രത്തിലെ ഓരോ ജീവിക്കുമുണ്ട് സന്തോഷച്ചൻ ഇട്ട പ്രത്യേക പേരുകൾ. ഇരുപതിലധികം പേർഷ്യൻ പൂച്ചകൾ, ജർമൻ ഷെപ്പേർഡ്, പഗ് തുടങ്ങിയ ഇനം നായകൾ, പലതരം അപൂർവ്വ കിളികൾ, എമു, അരയന്നങ്ങൾ എന്നിവരെയെല്ലാം പ്രഭാതത്തിൽ നേരിട്ടെത്തി പരിചരിക്കുന്നതാണ് അച്ചന്റെ പ്രധാന വിനോദം. വിവിധ അസുഖങ്ങൾ ബാധിച്ച് അവശരായവരെയാണ് കേന്ദ്രത്തിലേക്ക് പ്രധാനമായും ഏറ്റെടുക്കുന്നത്. നിർവികാരത നിറഞ്ഞ അന്തേവാസികളുടെ ജീവിതത്തിലേക്ക് ഈ മൃഗങ്ങൾ കൊണ്ടുവരുന്ന മാframറ്റവും ആനന്ദവും ചെറുതല്ലെന്ന് തണ്ണിത്തോട് സ്വദേശിയായ സന്തോഷച്ചൻ സാക്ഷ്യപ്പെടുത്തുന്നു.
2013-ൽ പുന്നക്കുന്ന് മലയിൽ മൂന്നര ഏക്കർ സ്ഥലം വാങ്ങിയാണ് ഫാദർ സന്തോഷ് ജോർജ് ബെഥ്സെയ്ദ അഭയകേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ 13 വർഷമായി പാര പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി മാറ്റിവെച്ച തന്റെ ജീവിതവും സ്ഥാപനവും രണ്ടു വർഷം മുൻപ് അദ്ദേഹം ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിന് എഴുതി നൽകി. പുന്നക്കുന്ന് മലയിൽ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറഫിം മെത്രാപ്പൊലീത്ത തിരികൊളുത്തിയ കെടാവിളക്കുപോലെ, ജീവിതവസാനത്തോളം ഈ അന്തേവാസികൾക്കൊപ്പം തുടരാനാണ് അച്ചന്റെ തീരുമാനം. തന്റെ മരണശേഷം സംസ്കരിക്കുന്നതിനായി ഇവിടെത്തന്നെ മുൻകൂട്ടി ഒരു കല്ലറയും അദ്ദേഹം ഒരുക്കിവെച്ചിട്ടുണ്ട്.