കിഴക്ക് വെള്ള കീറുമ്പോൾ വയനാടിന്‍റെ പച്ചപ്പിൽ ഒരു അറുപത്തൊൻപതുകാരൻ ബൂട്ടു കെട്ടി കളിക്കളത്തിലിറങ്ങും. സ്വന്തം തലമുറയ്ക്കു മാത്രമല്ല, പിൻതലമുറകൾക്കുകൂടി വിസ്മയമാണ് അമ്പലവയൽ മാങ്കൊമ്പ് സ്വദേശിയായ പി.എച്ച് ജെയിംസ്. ഇന്നത്തെ വയോജനദിനത്തിൽ ഈ പോരാളിയെ പരിചയപ്പെടാം.
ഈ മൈതാനത്ത് കാൽപന്ത് ഉരുളുമ്പോൾ അതിനു പിന്നാലെ ഒരു അറുപത്തൊൻപതുകാരനുണ്ടാകും. പന്തിനുണ്ടോ പ്രായമെന്നു ആരും ചോദിച്ചുപോകും.. ആ കാലുകളിൽനിന്ന് പന്ത് തട്ടിയെടുക്കാൻ ഇളംതലമുറക്കാർക്കുപോലും കഴിയാറില്ല.
1973-ൽ പന്തു തട്ടിതുടങ്ങുമ്പോൾ ജയിംസ് എന്ന യുവാവ് ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല, അര നൂറ്റാണ്ടു കഴിഞ്ഞാലും താൻ ഇങ്ങനെയായിരിക്കുമെന്ന്. കൗമാരക്കാരെപ്പോലും അതിശയിപ്പിക്കുന്ന വേഗതയും കൃത്യതയാർന്ന ഡ്രിബ്ലിങ്ങും. പന്ത് കാലിൽ കിട്ടിയാൽ പിന്നെ ഈ വയോധികൻ കളിക്കളത്തിൽ കൊടുങ്കാറ്റാണ്. ഒപ്പം കളിച്ചു തുടങ്ങിയവരെല്ലാം ബൂട്ടഴിച്ചുവെച്ചപ്പോഴും ജെയിംസ് ചേട്ടന്റെ അടങ്ങാത്ത വീര്യം ഇന്നും ഈ മൈതാനത്തിലെ പച്ചപ്പു പോലെ നിത്യഹരിതമാണ്.
അടങ്ങാത്ത അഭിനിവേശവും തീരാത്ത ഊർജവും കാലുകളിലുമുണ്ടെങ്കിൽ കാലത്തെയും പിടിച്ചുകെട്ടാമെന്ന് ജയിംസ് തെളിയിച്ചിരിക്കുകയാണ്. അത്തരം അതിർവരമ്പുകൾക്കുള്ളിൽ ആരെയും തളച്ചിടാനാവില്ലെന്നുകൂടി കാൽപ്പന്തിൻ്റെ ഈ കാമുകൻ ഓർമിപ്പിക്കുന്നു. ജീവിതം ആഘോഷമാക്കാൻ ഇതൊക്കെ ധാരാളം മതിയെന്ന് വിളിച്ചുപറയുകയാണ് അദ്ദേഹം. ഈ വയോജനദിനത്തിൽ മാത്രമല്ല, വരാൻ പോകുന്ന ദിനങ്ങളിലും ഊർജവും അഭിനിവേശവുമൊക്കെ എല്ലാവർക്കും മാതൃകയായി ജെയിംസിൻ്റെ മനസ്സിലും ശരീരത്തിലുമുണ്ടാകും.