mahabhagavatham-translation-image

തൊണ്ണൂറ്റിഒന്നാം വയസ്സിൽ സംസ്കൃതത്തിലുള്ള മഹാഭാഗവതം മൂലം ഗദ്യരൂപത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പത്തനംതിട്ട കോന്നി സ്വദേശിനിയും റിട്ടയേർഡ് അധ്യാപികയുമായ സാവിത്രിയമ്മ. മൂവായിരത്തിലധികം പേജുകളിലായി മഹാഭാഗവതത്തിലെ പതിനെണ്ണായിരത്തോളം ശ്ലോകങ്ങളാണ് ഇവർ അഞ്ചു വർഷത്തെ കഠിനാധ്വാനം കൊണ്ട് മലയാളത്തിലേക്ക് പകർത്തി എഴുതിയത്. ഭാവിതലമുറയ്ക്ക് ഭാഗവതം എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ശ്രമം നടത്തിയത്. സാവിത്രിയമ്മ പൂർത്തിയാക്കിയ ഈ മഹാഗ്രന്ഥം ഉടൻ തന്നെ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് കുടുംബാംഗങ്ങൾ.  

സർക്കാർ സ്കൂളിൽ ഹിന്ദി അധ്യാപികയായിരുന്ന സാവിത്രിയമ്മ 31 വർഷത്തെ സേവനത്തിനു ശേഷം 1990-ലാണ് വിരമിച്ചത്. വിരമിക്കലിനു ശേഷം വായനയിൽ മുഴുകിയ ഇവർ ഭാഗവതം മൂലം പൂർണ്ണമായി വായിക്കുകയും സപ്താഹങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിൽ പിതാവും മങ്കൊമ്പ് കുളങ്ങര ഇല്ലത്തെ അംഗവുമായ പത്മനാഭൻ നമ്പൂതിരി പഠിപ്പിച്ചു തന്ന സംസ്കൃത അറിവുകൾ എൺപത്തിയാറാം വയസ്സിൽ വീണ്ടെടുത്താണ് സാവിത്രിയമ്മ വിവർത്തനം ആരംഭിച്ചത്. മക്കളോടും കുടുംബാംഗങ്ങളോടും പറയാതെ കയ്യിൽ കിട്ടിയ പേപ്പറുകളിൽ വളരെ ചെറിയ അക്ഷരങ്ങളിൽ പേപ്പർ നിറച്ചായിരുന്നു തുടക്കത്തിലെ എഴുത്ത്. പിന്നീട് എഴുത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുടുംബാംഗങ്ങൾ ഇത് കൃത്യമായി അടുക്കി വച്ചപ്പോഴാണ് മൂവായിരത്തിലധികം പേജുകളുള്ള വിവർത്തന ശേഖരമാണെന്ന് തിരിച്ചറിഞ്ഞത്.  

ജോലിയിൽ നിന്ന് വിരമിച്ച് മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് സാവിത്രിയമ്മ ഈ വലിയ ദൗത്യത്തിലേക്ക് തിരിഞ്ഞത്. എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിൽ തുടക്കത്തിൽ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും മക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പിന്നീട് സമ്മതം മൂളുകയായിരുന്നു. നിലവിൽ മകൾ സുജയും മരുമകൻ ഷിറാസും ചേർന്നാണ് പുസ്തകം അച്ചടിച്ച് പ്രസിദ്ധീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. നവതി പിന്നിട്ട പ്രായത്തിലും സാവിത്രിയമ്മ നടത്തിയ ഈ സാംസ്കാരിക-സാഹിത്യ യത്നം നാടിനാകെ വലിയ അഭിമാനമായി മാറുകയാണ്.

ENGLISH SUMMARY:

Savitri Amma, a 91-year-old retired government school Hindi teacher from Konni in Pathanamthitta, has translated the entire Sanskrit Mahabharata Bhagavata into prose in Malayalam. Over a painstaking five-year period, she translated nearly 18,000 verses across more than 3,000 pages to help future generations easily read and comprehend the sacred text. Drawing upon the foundational Sanskrit knowledge taught by her father in her childhood, she secretly began writing this monumental work at the age of 86. Recognizing the immense cultural and literary value of her effort, her family members are now actively preparing to publish the collection as a printed book.