മഞ്ചേരി ടൗണിൽ നിന്നു വീണു കിട്ടിയ 30 ലക്ഷം രൂപയുടെ സ്വർണാഭരണം ഉടമസ്ഥന് കൈമാറി ശുചീകരണ തൊഴിലാളി. മഞ്ചേരി നഗരസഭയിലെ ശുചീകരണ ജീവനക്കാരൻ പൂക്കോട്ടൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് സ്വർണാഭരണം നഗരസഭയിൽ ഏൽപ്പിച്ചത്. പിന്നാലെ യഥാർഥ ഉടമ കീഴ്ശേരി സ്വദേശി അലിക്ക് കൈമാറാനായി.
മഞ്ചേരിയിലുള്ള ഒരു സ്വർണ കടയിൽ നിന്നും ഉരുക്കാനായി കൊണ്ടുപോയ സ്വർണ വളയായിരുന്നു നഷ്ടപെട്ടത്. എന്നാൽ, താൻ പുല്ല് പറിക്കുന്നതിനിടയിലാണ് കറുത്ത പൊതിയിൽ പൊതിഞ്ഞ നിലയിൽ വല കണ്ടെത്തിയതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. നേരെ അത് നഗരസഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൈമാറി. ശേഷം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു.
ആദ്യം ഓർത്തത് സ്വർണം നഷ്ടപ്പെട്ടുപോയ ആളുടെ മാനസികാവസ്ഥ ആയിരുന്നുവെന്ന് കൃഷ്ണൻകുട്ടി പ്രതികരിച്ചു, 'എത്രയും വേഗം ആളുടെ പക്കൽ എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം'. എന്തായാലും കൃഷ്ണൻകുട്ടി ചെയ്ത നല്ല പ്രവർത്തി ഒട്ടനേകം പേർക്ക് മാതൃകയാകുമെന്ന കാര്യത്തിൽ സംശയമില്ല.