തുച്ഛമായ ശമ്പളത്തിൽ ജോലി ചെയുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് പെട്ടെന്നൊരു ദിവസം കോടികൾ വന്നാൽ എന്ത് സംഭവിക്കും ആരുടെ ആയാലും കണ്ണ് തള്ളിപോകില്ലേ! എന്നാൽ, അത് യഥാർഥത്തിൽ രാജസ്ഥാനിൽ സംഭവിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പ്രതിമാസം വെറും 10,000 രൂപ ശമ്പളം വാങ്ങുന്ന ഒരു പെയിന്റിങ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി 10,000 കോടി രൂപ എത്തിയ വിവരം രാജ്യവ്യാപകമായി ഇപ്പോൾ ചർച്ചചെയ്യുകയാണ്.
ദിനേശ് കതാരിയ എന്ന യുവാവ് പണം പിൻവലിക്കാൻ ബാങ്കിന്റെ എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ട് ബാലൻസ് കണ്ടു ഞെട്ടിയത്. തന്റെ ചെലവെല്ലാം കിഴിച്ച് ബാക്കിയുണ്ടായിരുന്ന ചെറിയ തുക മാത്രം പ്രതീക്ഷിച്ചെത്തിയ ദിനേശ് കണ്ടത് പൂജ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു. ദിനേശ് ഉടൻ തന്നെ തന്റെ തൊഴിലുടമയെ വിവരം അറിയിച്ചു. അങ്ങനെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തുകയും അവിടെ നിന്നും ബാങ്ക് അധികൃതരെ ബന്ധപ്പെടുകയുമായിരുന്നു.
അതേസമയം, സാങ്കേതികമായി ഉണ്ടായ പിഴവോ അക്കൗണ്ട് നമ്പറുകളിൽ സംഭവിച്ച തെറ്റോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിക്കാൻ കാരണമായതെന്നാണ് ബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. എന്തായാലും, വിവരം പുറത്തറിഞ്ഞതോടെ വിഷയത്തിൽ ബാങ്ക് അന്വേഷണം ആരംഭിക്കുകയും അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.