സർക്കാർ സർവീസിലെ റിട്ടയർമെന്റിന് ശേഷം സർഗ്ഗ സാഹിത്യ മേഖലകളിൽ വിജയം കൈവരിക്കുകയാണ് കൊല്ലം ചാത്തന്നൂർ സ്വദേശി പി. രമണിക്കുട്ടി. വാർദ്ധക്യ കാലത്തെ ആലസ്യങ്ങൾ മറികടന്ന് 15 പുസ്തകങ്ങൾ എഴുതി തീർത്തു ഈ 81 കാരി. ലോകസഞ്ചാരിയായ പി.രമണികുട്ടിയുടെ ജീവിത വിശേഷങ്ങള്‍ അറിയാം.
കുട്ടിക്കാലത്തെ ഒരുപിടി മോഹങ്ങളൊക്കെ വാടാതെ ചേർത്തുപിടിച്ചു... 26 വർഷം മുൻപ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ചതോടെ അടക്കിപ്പിടിച്ച ആഗ്രഹങ്ങളുടെ കെട്ടഴിച്ചു വിട്ടു പി.രമണിക്കുട്ടി. പിന്നീടത് പാറി പറക്കുന്ന പട്ടം പോലെയായി. ഇത് വരെ പിന്നിട്ടത് 15 ലോകരാജ്യങ്ങൾ.
വരയ്ക്കാൻ മോഹിച്ച ചിത്രങ്ങളെല്ലാം കല്യാണത്തലേന്ന് കണ്ണീരോടെ ഉപേക്ഷിച്ചിരുന്നു അന്നത്തെ 18കാരി. 40 വർഷങ്ങൾക്കുശേഷം വരച്ചു തീർത്തത് രണ്ടായിരത്തിലധികം ചിത്രങ്ങൾ. പുരാണവും സാമൂഹിക പശ്ചാത്തലവും പ്രമേയമാക്കി പി. രമണിക്കുട്ടിയുടെ തൂലിക ചലിച്ചു. അങ്ങനെ 15 പുസ്തകങ്ങൾക്ക് പിറവി നൽകി. എഴുത്തു മുറിയുടെ അരണ്ട വെട്ടത്തിൽ ഇനിയും മൂന്ന് പുസ്തകങ്ങൾ കൂടി വായനക്കാരെ കാത്തിരിപ്പുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ ജോലിക്കിടയിൽ ഈവനിംഗ് കോളേജിൽ ചേർന്നാണ് ഫിലോസഫിയിൽ ബിരുദമെടുത്തത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ നിന്ന്, 80ആം വയസ്സിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പ്രായത്തെ അതിജീവിച്ച ഈ പോരാട്ടം പുതുതലമുറയ്ക്കും പ്രചോദനം.