പച്ചപ്പട്ടണിഞ്ഞ വയനാടൻ കുന്നിൻ ചെരുവിൽ, കന്നിമഴയുടെ താളത്തിൽ മുളപൊട്ടിയ സ്വപ്നങ്ങൾക്ക് ഇന്ന് നൂറുമേനിയുടെ തിളക്കമാണ്. കൃഷിയിൽ നിന്ന് പിന്മാറുന്നവർക്ക് മുന്നിൽ, വേറിട്ട വിജയ മാതൃക തീർക്കുകയാണ് വയനാട് വൈത്തിരിയിലെ ഒരു കർഷകൻ. വെറുമൊരു കൃഷിയിടമല്ല, സന്ദർശകർക്ക് നേരിട്ടെത്തി കാഴ്ചകൾ കാണാനും, വിഷരഹിത പച്ചക്കറികൾ അപ്പോൾ തന്നെ വാങ്ങാനും കഴിയുന്ന ഒരു ഫാം ടൂറിസം കേന്ദ്രം കൂടിയാണ് കരുവാരത്തൊടി അനൂസ് ഒരുക്കിയിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥയെ പോലും തോൽപ്പിച്ചാണ് മൂന്നേക്കറിൽ നൂറുമേനി വിളയിച്ച അനൂസിന്‍റെ വിജയം. ആദ്യഘട്ടത്തിൽ കനത്ത മഴയിൽ കൃഷി നശിച്ചെങ്കിലും, തളരാത്ത നിശ്ചയദാർഢ്യത്തോടെ മണ്ണിലേക്ക് വീണ്ടും വിത്തിറക്കിയ ഈ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശിയുടെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. സാധാരണ വിളകളിൽ ഒതുങ്ങാതെ, പച്ചപ്പിൽ വിസ്മയം തീർക്കുന്ന വിളവൈവിധ്യമാണ് രണ്ടേക്കർ ഭൂമിയിലുള്ളത്. പാവയ്ക്കയും ചീരയുടെ ചുവപ്പും പച്ചയും മുതൽ, ബട്ടർനട്ടും ആരോറൂട്ടും വരെ നീളുന്ന കാഴ്ചകൾ.

കൃഷിയിടത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനും, മണ്ണിൽ നിന്ന് നേരിട്ട് വിളവെടുത്ത വിഷരഹിത പച്ചക്കറികൾ ഇടനിലക്കാരില്ലാതെ വാങ്ങാനും അനൂസിന്‍റെ ഫാമിൽ അവസരമുണ്ട്. കൃഷിവകുപ്പിന്റെയും വൈത്തിരി കൃഷിഭവന്റെയും കൈത്താങ്ങും ഈ വിജയഗാഥയ്ക്ക് കരുത്തേകുന്നു.

ENGLISH SUMMARY:

Anoop of Karuvarathodi in Vythiri, Wayanad, has created a thriving farming and farm tourism model across three acres after overcoming early crop losses caused by heavy rain.