കൊല്ലം പത്തനാപുരം പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതിന്റെ നടുക്കം വിട്ടു മാറാതെ നാട്ടുകാര്‍. കലയപുരം സ്വദേശിനി ക്രിസ്റ്റിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബിനു തോമസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

 

ഇരുപതു വര്‍ഷം മുന്‍പായിരുന്നു ബിനു തോമസും ക്രിസ്റ്റിയും തമ്മിലുള്ള വിവാഹം. ബിനു തോമസിന് ഭാര്യയിലുള്ള സംശയമാണ് ദാരുണമായ കൃത്യത്തിലേക്ക് നയിച്ചത്. കലയപുരത്തെ സ്കൂളിൽ ആയ ആയാണ് ക്രിസ്റ്റി ജോലി ചെയ്തിരുന്നത്. ഭർത്താവിന്റെ സംശയരോഗത്തെ ഭാര്യ ചോദ്യം ചെയ്തതോടെ വീട്ടിൽ വഴക്ക് പതിവായി. ഫോൺ ഉപയോഗിക്കാനോ ബന്ധുക്കളെ വിളിക്കാനോ ഭർത്താവ് ബിനു തോമസ് സമ്മതിച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. വൈകീട്ട് ആറുമണി കഴിഞ്ഞാൽ വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് അകത്തിരിക്കാൻ പറയുമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. വഴക്ക് പതിവായതോടെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ ക്രിസ്റ്റി പരാതി നൽകി. 

 

Also read: കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

 

പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബിനു തോമസിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ക്രിസ്റ്റിയോട് കുറച്ചുദിവസം സ്വന്തം വീട്ടിലേക്ക് മാറി താമസിക്കാൻ പൊലീസ് ഉപദേശിക്കുകയും ചെയ്തു. സ്വന്തം വീട്ടിലേക്ക് പോയ ക്രിസ്റ്റി മൂത്തമകൾക്ക് ഒപ്പം വസ്ത്രങ്ങൾ എടുക്കാനാണ് പട്ടാഴി പന്തപ്ലാവിലെ ക്രിസ്റ്റി ഭവനത്തിലേക്ക് എത്തിയത്. ഇതിന് പിന്നാലെ വീണ്ടും തർക്കം ഉണ്ടായി. തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യ ക്രിസ്റ്റിയുടെ കഴുത്തിലേക്ക് ബിനു തോമസിന്റെ ആദ്യവെട്ട്. ഇത് കണ്ട് പകച്ചുനിന്ന മകളെ അച്ഛൻ തുറിച്ചു നോക്കി. പേടിച്ചെന്നും ഓടി പുറത്ത് എത്തിയ ശേഷമാണ് ബന്ധുവിനെ വിളിച്ചറിയിച്ചതെന്നും മകൾ പറഞ്ഞു. 

 

ഭാര്യയെ വെട്ടി വീഴ്ത്തിയതിനുശേഷം ഭാര്യയുടെ മൊബൈൽ ഫോൺ ബിനു തോമസ് വെട്ടി നുറുക്കി പക തീർത്ത ശേഷം വീടിന്റെ വാതിലടച്ചു. ക്രിസ്റ്റിയുടെ സഹോദരനെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരിയെ കാണുന്നത്. അകത്തെ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ബിനു തോമസിന്റെ മൃതദേഹം. 

 

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 

ENGLISH SUMMARY:

Malayala Manorama Online News provides detailed reports on the tragic Kollam murder-suicide where a man killed his wife before taking his own life. The incident in Pathanapuram stems from domestic suspicion and ongoing marital discord.