• ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരത്തിനെത്തിയ കാണികൾക്ക് നാല് ലിറ്റർ വീതം കുടിവെള്ളം സൗജന്യമായി നൽകി.

വെസ്റ്റിൻഡീസിനെതിരായ ഏകദിന മല്‍സരം കാണാനെത്തിയവര്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടിവെള്ളം സൗജന്യമായിരുന്നു. 40,000 കാണികള്‍ എന്ന കണക്കില്‍ ഒരാള്‍ക്ക് നാലു ലീറ്റര്‍ വീതമാണ് സ്റ്റേഡിയത്തില്‍ വെള്ളമെത്തിച്ചത്. സ്റ്റേഡിയത്തിലെ 70 പോയിന്‍റുകളില്‍ സൗജന്യമായി വെള്ളം കുടിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ സൗകര്യമൊരുക്കിയത് കേരള ക്രിക്കറ്റ് അസോസിയേഷനാണോ തിരുവനന്തപുരം കോര്‍പ്പറേഷനാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. 

കളികാണാനെത്തിയ പലരും സൗജന്യ കുടിവെള്ളത്തിന്‍റെ വിവരം റീലാക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ബിസിസിഐയ്ക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി അറിയിച്ചാണ് റീലുകള്‍. എന്നാല്‍ ഇവയുടെ കമന്‍റില്‍ തിരുവനന്തപുരം കോര്‍പ്പറേഷനാണ് കയ്യടി വേണ്ടതെന്നാണ് പലരും കുറിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി20ക്കിടെ കുടിവെള്ളത്തിന്‍റെ പേരില്‍ വലിയ വിവാദങ്ങളുണ്ടായതിനാല്‍ ഇത്തവണ സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഇടപെടലുണ്ടായിരുന്നു. 

ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തിനിടെ ഒരു ലീറ്റര്‍ വെള്ളം 200 രൂപയ്ക്കായിരുന്നു വിറ്റതെന്നായിരുന്നു ആരോപണം. അതിനാല്‍ മല്‍സരത്തിനു മുന്നോടിയായി സംഘാടകരുമായി കോര്‍പ്പറേഷന്‍ യോഗം ചേര്‍ന്നിരുന്നു. കെസിഎ, പൊലീസ്, ആരോഗ്യ വകുപ്പ്, കോള ഏജന്‍സിയുടെ പ്രതിനിധി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തിലാണ് സ്റ്റേഡിയത്തിൽ ഗ്യാലറിയ്ക്ക് ചുറ്റും 70 സ്ഥലങ്ങളിലായി ഒരാളിന് 4 ലിറ്റർ എന്നകണക്കിൽ ഉദ്ദേശം 40,000 പേർക്ക് സൗജന്യമായി കുടിവെള്ളം നല്‍കാന്‍ തീരുമാനമായത്. 

സൗജന്യ വെള്ളം നല്‍കേണ്ടത് കെസിഎ ആണെന്ന് യോഗ ശേഷം മാധ്യമങ്ങളെ കണ്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷ് പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ കോള വില്‍ക്കുന്ന ഏജന്‍സി ബിസിസിഐ നിശ്ചയിച്ച വില മാത്രമെ ഈടാക്കാന്‍ പാടുള്ളൂവെന്നും ഇക്കാര്യം കോര്‍പ്പറേഷന്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ENGLISH SUMMARY:

Spectators attending the ODI match at the Greenfield International Stadium in Thiruvananthapuram were provided with free drinking water, sparking a debate on social media over who deserves the credit. While fans on Instagram thanked the BCCI and the Kerala Cricket Association (KCA), numerous comments pointed out that the Thiruvananthapuram Corporation played a crucial role following past pricing controversies. To prevent exorbitant rates like those seen during a previous T20 match against New Zealand, the Corporation had convened a special coordination meeting with organizers. Consequently, it was decided to supply four liters of free drinking water per person across 70 designated points in the stadium.