സച്ചിനു കൊച്ചി പോലെ വിരാട് കോലിക്ക് കേരളത്തിലെ പുതിയ മേല്‍വിലാസമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. തിരുവനന്തപുരത്ത് കോലി കളിച്ച മൂന്നു ഏകദിന മല്‍സരങ്ങളിലും താരത്തെ പുറത്താക്കാന്‍ എതിര്‍ടീമിനായിട്ടില്ല. ഏകദിന കരിയറില്‍ 15,000 റണ്‍സ് എന്ന നാഴികകല്ല് താണ്ടിയതും ഞായറാഴ്ച വെസ്റ്റ്ഇന്‍ഡീസിനെതിരെ തിരുവനന്തപുരത്തായിരുന്നു. പുറത്താകാതെ നേടി 139 റണ്‍സിന്‍റെ ഇന്നിങ്സിലൂടെ ഏകദിന കരിയറിലെ ഒരുപിടി റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി.
88 പന്തില്‍ 10 ഫോറും ഒന്‍പത് സിക്സും സഹിതമാണ് കോലി 139 റണ്‍സെടുത്തത്. 157.95 ആണ് സ്ട്രൈക്ക്റേറ്റ്. ഇതോടെ തിരുവനന്തപുരത്തെ മൂന്നു മല്‍സരങ്ങളില്‍ നിന്നായി കോലിയുടെ സ്കോര്‍ 338 ആയി. 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്ക് എതിരെ 110 പന്തില്‍ 166 റണ്‍സാണ് കോലി നേടിയത്. 2018 ല്‍ വിന്‍ഡീസിനെതിരെ കോലി പുറത്താകാതെ നേടിയത് 33 റണ്‍സാണ്.
വിന്‍ഡീസിനെതിരായ സെഞ്ചറിയോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സച്ചിനൊപ്പമെത്താന്‍ കോലിക്കായി. 338 ഇന്നിങ്സില്‍ നിന്നും 60 ലിസ്റ്റ് എ സെഞ്ചറികളാണ് കോലിക്കുള്ളത്. സച്ചിന്‍ ഇത്രയും സെഞ്ചറി നേടിയത് 538 ഇന്നിങ്സില്‍ നിന്നാണ്. കോലിയുടെ 60 സെഞ്ചറികളില്‍ 55 എണ്ണവും ഇന്ത്യയ്ക്കായി നേടിയതാണ്. ബാക്കി ഡല്‍ഹിക്കുവേണ്ടിയും.
ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചറി എന്ന സ്വന്തം റെക്കോര്‍ഡിനൊപ്പവും കോലി എത്തി. ഗ്രീന്‍ഫീല്‍ഡില്‍ കോലി നേടിയത് വിന്‍ഡീസിനെതിരായ പത്താം സെഞ്ചറിയായിരുന്നു. നേരത്തെ ശ്രീലങ്കയ്ക്ക് എതിരെയും കോലി 10 സെഞ്ചറി നേടിയിട്ടുണ്ട്.
ഏകദിന മല്‍സരത്തില്‍ കോലി ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ മല്‍സരം കൂടിയാണിത്. തിരുവനന്തപുരത്ത് വിന്‍ഡീസിനെതിരെ ഒന്‍പത് സിക്സാണ് കോലി നേടിയത്. 2023 ല്‍ ശ്രീലങ്കയ്ക്ക് എതിരെ തിരുവനന്തപുരത്ത് നേടിയ എട്ടു സിക്സിന്റെ കണക്കാണ് കോലി മറികടന്നത്. വിന്‍ഡീസിനെതിരെ ഒരു മല്‍സരത്തില്‍ ഇന്ത്യന്‍താരം നേടുന്ന സിക്സുകളുടെ എണ്ണത്തില്‍ കോലി രോഹിതിനെ മറികടന്നു.
ഒരു ബോളര്‍ക്കെതിരെ ഏകദിനത്തില്‍ ഒരു ഇന്നിങ്സില്‍ കോലി നേടുന്ന രണ്ടാമത്തെ വലിയ സ്കോറും ഇന്നലെ പിറന്നു. അൽസാരി ജോസഫിന്റെ 26 പന്തിൽ നിന്ന് 53 റൺസാണ് കോലി നേടിയത്. 2016 ൽ മൊഹാലിയിൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ 54 റൺസ് നേടിയതാണ് വലിയ സ്കോര്‍.
150 ലധികം സ്ട്രൈക്ക്റേറ്റില്‍ കോലി അഞ്ചു സെഞ്ചറികള്‍ നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ എബി ഡി വില്ലിയേഴ്സിനും ജോസ് ബട്‍ലർക്കും (ആറ് വീതം) പിന്നിൽ കോലി. ഇന്നലെ വിന്‍ഡീസിനെതിരെ 157.95 ആണ് കോലിയുടെ സ്ട്രൈക്ക്റേറ്റ്.