തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസ്– ഇന്ത്യ പോരാട്ടത്തിനിടെ വൈറലാകുന്ന ഒരു സ്നേഹക്കാഴ്ചയുണ്ട്. റോഡരികിൽ മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞും അടുത്ത് കരുതലിന്‍റെ സുരക്ഷയൊരുക്കിയ പൊലീസുകാരനും. സ്റ്റേഡിയത്തിനടുത്ത് നിന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ സനകന്‍ വേണുഗോപാലാണ് ഈ സ്നേഹക്കാഴ്ച പകര്‍ത്തിയത്.

കളി കാണാനെത്തിയ ആരാധകര്‍ക്കിടയില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി വിൽക്കുന്നു തിരക്കിലായിരുന്നു കുട്ടിയുടെ അമ്മ. കടുത്ത വെയിൽ കാരണം കുട്ടിയെ റോഡിന് എതിർവശത്തുള്ള തണലുള്ള സ്ഥലത്ത് ഇരുത്തി സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സാബിർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു പോവുകയായിരുന്നു. കുട്ടി റോഡ് മുറിച്ചുകടക്കാതിരിക്കാൻ സ്വന്തം മൊബൈൽ ഫോണിൽ കാർട്ടൂൺ വെച്ചുകൊടുത്ത് കുട്ടിയുടെ ശ്രദ്ധ തിരിച്ച് സുരക്ഷയൊരുക്കുകയായിരുന്നു ആ പൊലീസുകാരന്‍.

കച്ചവടത്തിനിടയിൽ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ ഉദ്യോഗസ്ഥനിൽ അർപ്പിച്ച വിശ്വാസവും, അത് കൃത്യമായി പാലിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കരുതലും കണ്ടുനിന്നവരുടേയും മനസ്സ് നിറച്ചു. കുട്ടിയെ റോഡിലേക്ക് ഓടാതെ തണലിൽ തന്നെ ഇരുത്താൻ ഫോണിൽ കാർട്ടൂൺ പ്ലേ ചെയ്തു നൽകിയ സാബിറിന്റെ ബുദ്ധിയും ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്. കർത്തവ്യത്തോടൊപ്പം മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകിയ ഉദ്യോഗസ്ഥന്റെ പ്രവൃത്തി മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ സനകന്‍ വേണുഗോപാല്‍ പകർത്തി പങ്കുവെക്കുകയായിരുന്നു.

പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ കരുതലിനേയും ആത്മാർത്ഥതയെയും പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. ‘നന്മ വറ്റാത്ത ചിലർ, അഭിമാനം തോന്നുന്നു. ആ പൊലീസ് ഉദ്യോഗസ്ഥനോട്, ബിഗ് സല്യൂട്ട് സർ, ഇതാണ് മനുഷ്യത്വം’ എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെ ലഭിക്കുന്ന കമന്‍റുകള്‍. പൊലീസ് സേനയുടെ ജനകീയ മുഖത്തിന് ഉദാഹരണമാണ് കാര്യവട്ടത്ത് കണ്ട ഈ ദൃശ്യമെന്നാണ് നെറ്റിസണ്‍സ് ഒരേ സ്വരത്തില്‍ പറയുന്നത്.

ENGLISH SUMMARY:

During the India-West Indies cricket match at the Greenfield International Stadium in Karyavattom, Thiruvananthapuram, a heartwarming gesture by a police officer caught widespread attention. A street vendor selling Indian cricket jerseys placed her child on the shaded opposite side of the road and entrusted his care to an on-duty police officer named Sabir to keep him safe from the scorching sun and heavy traffic. To prevent the child from wandering into the busy road, Officer Sabir cleverly played cartoons on his personal mobile phone to keep the youngster safely occupied. Capturing the sweet moment on video, Manorama News reporter Sanakan Venugopal shared the footage online, sparking an outpouring of praise for the police officer's empathy and devotion to duty.