ഡൽഹിയിലെ തിലക് നഗറിൽ റോഡ് നിർമ്മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയും ചോദ്യം ചെയ്ത് വിഡിയോ ചിത്രീകരിച്ച ആം ആദ്മി പാർട്ടി നേതാവിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെ പരസ്യമായി മര്‍ദിച്ച് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ പർവേശ് വർമ്മ. റോഡ് പരിശോധനയ്ക്കിടെ ലൈവായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു സാഹിബ് സിങിനെയാണ് ഫോൺ തട്ടിപ്പറിച്ച ശേഷം മന്ത്രി കവിളത്തടിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.

തിലക് നഗർ മണ്ഡലത്തിലെ പുതുതായി നിർമ്മിച്ച റോഡിന്റെ പരിശോധനയ്ക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എ.എ.പി എം.എൽ.എ ജർനൈൽ സിങ് റോഡിന്‍റെ ഒരു ഭാഗം കൈകൊണ്ട് ഇളക്കിയെടുത്ത് ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാണിക്കുകയും മന്ത്രിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മന്ത്രി അവിടെനിന്ന് മടങ്ങാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഈ സംഭവം മുഴുവൻ ജർനൈൽ സിങ്ങിന്‍റെ പി.എ സാഹിബ് സിങ് മൊബൈൽ ഫോണിൽ ലൈവ് സ്ട്രീം ചെയ്യുന്നുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ മന്ത്രി പെട്ടെന്ന് തിരിഞ്ഞുനിന്ന് മൊബൈല്‍ ഫോൺ താഴേക്ക് തട്ടിപ്പറിക്കുകയും മുഖത്തടിക്കുകയുമായിരുന്നു.

സംഭവത്തിൽ താൻ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയതായി സാഹിബ് സിങ് അറിയിച്ചു. ‘ആ സമയം, ഞാൻ എംഎൽഎയുടെ പേജിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു. ലൈവ് സ്ട്രീം നിർത്താൻ, പർവേഷ് വർമ്മ എന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചുപറിച്ചു, എന്റെ നേരെ കൈ ഉയർത്തി എന്നെ അടിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും എന്നെ തള്ളിമാറ്റി എന്റെ നേരെ കൈ ഉയർത്തി. ഞാൻ അദ്ദേഹത്തെ ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തില്ല. എന്നെ തല്ലാൻ തക്ക ഒന്നും ഞാൻ ചെയ്തിട്ടില്ല. അദ്ദേഹത്തോടൊപ്പമുള്ള ആളുകളും എന്നെ ഭീഷണിപ്പെടുത്തി, അവരുടെ പേരുകളും പരാതിയില്‍ ഞാൻ നൽകിയിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങൾ പൊലീസ് എന്ത് നടപടി സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും, കാരണം അദ്ദേഹം ഒരു മന്ത്രിയാണ്’– സാഹിബ് പറഞ്ഞു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി പർവേശ് വർമ്മയും രംഗത്തെത്തി. എ.എ.പി എം.എൽ.എയുടെ അസിസ്റ്റന്റ് തന്റെ കുടുംബാംഗങ്ങളെ പരസ്യമായി അധിക്ഷേപിച്ചെന്നും, അതുകൊണ്ടാണ് സാധാരണക്കാരനായ ഏതൊരു വ്യക്തിയെയും പോലെ താനും പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, എം.എൽ.എ ജർനൈൽ സിങ് കരാറുകാരിൽ നിന്ന് കമ്മീഷൻ ലഭിക്കാത്തതിനാലാണ് റോഡ് പണികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതെന്നും, എൻജിനീയർമാർ എം.എൽ.എയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. സംഭവം എ.എ.പിയും ബി.ജെ.പിയും തമ്മിൽ വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറിയിരിക്കുകയാണ്.

ENGLISH SUMMARY:

Delhi PWD Minister and BJP leader Parvesh Verma sparked a major political row after allegedly slapping Sahib Singh, the personal assistant of AAP MLA Jarnail Singh, during a road quality inspection in Tilak Nagar. The conflict erupted when the AAP MLA challenged the minister over poor road construction quality by peeling off part of the newly laid road by hand. Enraged by Sahib Singh live-streaming the incident on social media, the minister knocked the phone away and slapped him in full public view. While AAP leader Arvind Kejriwal demanded the minister's immediate arrest and a formal police complaint was filed, Parvesh Verma denied the assault claims, alleging that the PA had insulted his family.