hospital-damodarmenon
  • ‘നിരപരാധിത്വം തെളിയിക്കാന്‍ ഓരോരുത്തരോടും വിശദീകരണം നല്‍കാന്‍ താല്‍പര്യമില്ല, ഇന്ത്യയിലേക്ക് തിരിച്ചയക്കാനായി പലരും ശ്രമിക്കുന്നു, അവിടെ ശത്രുവാര്, മിത്രമാര് എന്നുപോലും അറിയില്ല’

ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ തനിക്ക് ഭയമാണെന്നും ബ്രൂണെയിൽ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാനാണ് ആഗ്രഹമെന്നും ചാനലുകളില്‍ സുകുമാരക്കുറുപ്പായി ചിത്രീകരിക്കപ്പെട്ട ദാമോദര മേനോൻ. ജീവിതത്തിന്റെ വലിയൊരു ഭാഗം ബ്രൂണെയിലാണ് കഴിഞ്ഞതെന്നും ഇനി കുടുംബത്തെയും കൊച്ചുമക്കളെയും വിട്ട് മറ്റൊരിടത്തേക്ക് പോകാൻ താൽപര്യമില്ലെന്നും ദാമോദര മേനോന്‍ മനോരമ ന്യൂസിനോട് പറയുന്നു.33 വർഷമായി ബ്രൂണെയിലാണ് ദാമോദര മേനോന്റെ ജീവിതം.1998ൽ ബ്രൂണെയിൽ വലിയൊരു തുക നിക്ഷേപിച്ചെന്നും അവിടെ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കുടുംബച്ചെലവുകൾ നടത്തിയതെന്നും അദ്ദേഹം പറയുന്നു. Read: 'സുകുമാരകുറുപ്പിനെ കുറിച്ച് എനിക്കൊന്നുമറിയില്ല; എല്ലാത്തിനും കാരണം പാരിജാതന്‍'; തുറന്ന് പറഞ്ഞ് ദാമോദര മേനോന്‍ 

ബ്രൂണെയിലാണ് തന്റെ കുടുംബവും നാല് കൊച്ചുമക്കളുമുള്ളത്. മൂത്ത മകൻ മലേഷ്യൻ യുവതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അവന്‍ ബ്രിട്ടനിൽ നിയമപഠനം പൂർത്തിയാക്കി പിന്നീട് അമേരിക്കയിൽ നിന്ന് എംബിഎ നേടിയെന്നും ദാമോദര മേനോൻ പറയുന്നു. ഇളയ മകൻ മോസ്കോയിൽ മെഡിസിൻ പഠിച്ച ശേഷം മലേഷ്യയിൽ ഹൗസ് സർജൻസി പൂർത്തിയാക്കി. ഇപ്പോൾ ഓസ്ട്രേലിയയിൽ വിദ്യാർഥി വിസയിൽ മാസ്റ്റേഴ്സ് പഠിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും കുടുംബത്തെ വിട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ദാമോദര മേനോൻ പറയുന്നു.

‘എനിക്ക് അവരെയൊക്കെ വിട്ട് എങ്ങനെ പോകാനാകും?’- എന്നാണ് ദാമോദര മേനോന്റെ ചോദ്യം. ബ്രൂണെയിൽ കുടുംബത്തോടൊപ്പം കഴിയുന്നതാണ് കൂടുതൽ സുരക്ഷിതവും സമാധാനകരവുമെന്നും അദ്ദേഹം പറയുന്നു. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ചിലർ ശ്രമിച്ചുവെന്നും എന്നാൽ ഇന്ത്യയിൽ തനിക്ക് ആരാണ് സുഹൃത്തോ ശത്രുവോ എന്ന് പോലും അറിയില്ലെന്നും ദാമോദര മേനോൻ പറയുന്നു. പരിചയമില്ലാത്ത സാഹചര്യത്തിലേക്ക് മടങ്ങുന്നതിനേക്കാൾ കുടുംബത്തോടൊപ്പം ബ്രൂണെയിൽ തുടരാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ജോലിയിലോ മറ്റ് കാര്യങ്ങളിലോ തനിക്ക് പ്രത്യേക താൽപര്യമില്ലെന്നും ദാമോദര മേനോൻ പറയുന്നു. ബ്രൂണെ സർക്കാരിൽ നിന്ന് തനിക്ക് ഏകദേശം രണ്ട് ലക്ഷം ഡോളർ ലഭിക്കാനുണ്ടെന്നും അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഓരോരുത്തരോടും വിശദീകരണം നൽകിക്കൊണ്ടിരിക്കുന്നത് തുടരാൻ താൽപര്യമില്ലെന്നും ദാമോദര മേനോൻ പറയുന്നു. ഇങ്ങനെ മുന്നോട്ടുപോകാൻ തനിക്ക് താൽപര്യമില്ലെന്നും സത്യം ഒടുവിൽ പുറത്തുവരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ദാമോദര മേനോനെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ചിത്രീകരിച്ചുകൊണ്ടുള്ള ചാനൽ റിപ്പോർട്ട് പുറത്തുവന്നതോടെ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്നും സുകുമാരക്കുറുപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദാമോദര മേനോൻ പറഞ്ഞു. തന്റെ ഭാഗം വിശദീകരിക്കുന്നതിനായി ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയിട്ടുണ്ടെന്നും ദാമോദര മേനോൻ വ്യക്തമാക്കി.

ജീവിതത്തിന്റെ ഈ ഘട്ടത്തിൽ വിവാദങ്ങളോ ആരുടെയെങ്കിലും മുന്നിൽ സ്വയം തെളിയിക്കാനുള്ള ശ്രമങ്ങളോ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കുടുംബത്തോടൊപ്പം കഴിയാനും കൊച്ചുമക്കളെ വളർത്താനും അവരുടെ ഭാവിക്കായി സമയം ചെലവഴിക്കാനുമാണ് ഇനി ആഗ്രഹം. ‘എനിക്ക് വേണ്ടത് കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കുക മാത്രമാണ്’ — ദാമോദര മേനോൻ ആവര്‍ത്തിക്കുന്നു. 

"I Fear Returning to India, Have No Ties to Sukumara Kurup": Damodara Menon:

Damodara Menon, who was falsely portrayed by news channels as the absconding criminal Sukumara Kurup, has clarified that he has no connection whatsoever to Kurup and expressed fear about returning to India. Living in Brunei for the past 33 years, he wishes to stay peacefully with his family and four grandchildren rather than face unfamiliarity and harassment in India. Menon detailed his long-standing life in Brunei, where his sons received higher education abroad, and noted that he is currently pursuing nearly $200,000 due to him from the Brunei government. Suffering severe mental stress due to the media allegations, he has sought a meeting with the Indian High Commissioner in Brunei to prove his innocence and clear his name.