damodara-kurup-denies-allegations-sukumara-kurup
  • 1996 മുതൽ പാരിജാതനുമായുണ്ടായിരുന്ന ബന്ധവും പിന്നീട് ഉണ്ടായ സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളും വിശദീകരിച്ചാണ് ദാമോദര മേനോൻ രംഗത്തെത്തിയത്

സുകുമാരക്കുറുപ്പായി ചിത്രീകരിക്കപ്പെട്ടതടക്കം തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം പാരിജാതനാണെന്ന് ബ്രൂണെയിൽ സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശി ദാമോദര മേനോൻ. 1996 മുതൽ പാരിജാതനുമായുണ്ടായിരുന്ന ബന്ധവും പിന്നീട് ഉണ്ടായ സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളും വിശദീകരിച്ചാണ് ദാമോദര മേനോൻ രംഗത്തെത്തിയത്. സുകുമാരക്കുറുപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലെന്നും കേട്ടിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി. Also Read: 'ഞാന്‍ കുറുപ്പല്ല'; പൊട്ടിക്കരഞ്ഞ് ദാമോദരമേനോന്‍ മനോരമന്യൂസില്‍‌

1996ലാണ് പാരിജാതനെ പരിചയപ്പെട്ടതെന്ന് ദാമോദര മേനോൻ പറയുന്നു. ബ്രൂണെയിൽ ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർഥികളുടെ ബയോഡേറ്റ ആവശ്യപ്പെട്ടാണ് പാരിജാതൻ തന്നെ സമീപിച്ചത്. തുടർന്ന് രണ്ട് സിവിൽ എൻജിനീയർമാരുടെ ബയോഡേറ്റ നൽകിയെന്നും ഇരുവർക്കും ബ്രൂണെയിൽ ജോലി ലഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തെന്നും അദ്ദേഹം പറയുന്നു. Read More: ‘എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണ്, സുകുമാരക്കുറുപ്പുമായി യാതൊരു ബന്ധവുമില്ല’; ദാമോദര മേനോൻ

ഓരോ ഉദ്യോഗാർഥിക്കും 450 ഡോളർ വീതം കമ്മീഷൻ നൽകാമെന്ന് പാരിജാതൻ സമ്മതിച്ചിരുന്നു. ഉദ്യോഗാർഥികൾ ബ്രൂണെയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഹോട്ടലിൽ താമസിപ്പിക്കുകയും തൊഴിലുടമയെ പരിചയപ്പെടുത്തുകയും ചെയ്തു. എംപ്ലോയ്മെന്റ് പാസ്, താമസസൗകര്യം, ജോലി സംബന്ധമായ മറ്റ് കാര്യങ്ങൾ എന്നിവയിലും സഹായിച്ചെന്നും അദ്ദേഹം പറയുന്നു.

എന്നാൽ കമ്മീഷൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗാർഥികളാണ് പണം നൽകുകയെന്ന് പാരിജാതൻ പറഞ്ഞതായി ദാമോദര മേനോൻ പറയുന്നു. ഉദ്യോഗാർഥികളോട് സംസാരിച്ചപ്പോൾ ബ്രൂണെയിലെത്തുന്നതിന് മുമ്പ് തന്നെ പാരിജാതന് വലിയൊരു തുക നൽകിയതായി അവർ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഈ വിഷയത്തിൽ കൂടുതൽ ഇടപെടാതെ അവരോട് ആത്മാർഥമായി ജോലി ചെയ്യണമെന്നും തന്റെ പേര് മോശമാക്കരുതെന്നും പറഞ്ഞ് പിന്മാറിയതായും ദാമോദര മേനോൻ വെളിപ്പെടുത്തി.

താന്‍ ഉപയോഗിക്കാതെ കൈവശം വച്ചിരുന്ന കാര്‍ പാരിജാതന്‍ ആവശ്യപ്പെട്ട് വാങ്ങിയെന്നും ദാമോദര മേനോന്‍ പറയുന്നു. വാഹനം കേടുവരുത്തരുതെന്നും അങ്ങനെ സംഭവിച്ചാൽ അറ്റകുറ്റപ്പണിയുടെ ചെലവ് നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം വാഹനം മോശം അവസ്ഥയിലാണ് തിരികെ ലഭിച്ചതെന്നും അറ്റകുറ്റപ്പണിക്കുള്ള പണം നൽകിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

പാരിജാതന്റെ അടുത്ത സുഹൃത്തും ബന്ധുവുമായ തിരുവിക്രമൻ തമ്പിയെന്നയാളെയും താന്‍ പിന്നീട് പരിചയപ്പെട്ടുവെന്നും സാമ്പത്തിക ഇടപാട് നടത്തിയെന്നും എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരുവിക്രമന്‍ തമ്പിക്കായി ഒരു കരാര്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. അതിനായി മെറ്റീരിയല്‍സ് അടക്കം വാങ്ങി. ജോലി പൂര്‍ത്തീകരിച്ചെങ്കിലും നല്‍കേണ്ട തുക അയാള്‍ നല്‍കിയില്ലെന്നും ദാമോദര മേനോന്‍ ആരോപിക്കുന്നു. തമ്പിയുടെ ഭാര്യയോട് തനിക്ക് ഇപ്പോഴും ബഹുമാനമുണ്ടെന്നും കുടുംബത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ആ ബന്ധത്തിൽനിന്ന് പിന്മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പാരിജാതനും തിരുവിക്രമൻ തമ്പിയും മറ്റൊരാളും തന്നെ സമീപിച്ചപ്പോഴും ആവശ്യമായ വിവരങ്ങളും സഹായവും നൽകാൻ തയ്യാറായിരുന്നുവെന്ന് ദാമോദര മേനോൻ പറയുന്നു. എന്നാൽ അവർ അന്വേഷിച്ചത് മിസ്റ്റർ കുറുപ്പിനെക്കുറിച്ചാണെങ്കിൽ തനിക്ക് യാതൊരു വിവരവുമില്ലെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ‘കുറുപ്പ് എന്റെ സുഹൃത്തുമല്ല, ശത്രുവുമല്ല. ഞാൻ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുമില്ല’ എന്നാണ് ദാമോദര മേനോന്റെ വിശദീകരണം.

ഇതിനിടെയാണ് ദാമോദര മേനോനെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വ്യാഖ്യാനിച്ച് ഒരു ചാനൽ റിപ്പോർട്ട് പുറത്തുവന്നത്. ഈ റിപ്പോർട്ടിൽ തന്നെ സുകുമാരക്കുറുപ്പുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചതിൽ ദാമോദര മേനോൻ എതിർപ്പ് രേഖപ്പെടുത്തുന്നു. റിപ്പോർട്ടിന് ആധാരമായ തെളിവുകൾ എന്താണെന്നും അതിന്റെ ഔദ്യോഗിക സ്ഥിരീകരണം എന്താണെന്നും വ്യക്തമാകേണ്ടതുണ്ടെന്ന നിലപാടും ദാമോദര മേനോന്‍ പങ്കുവച്ചു.

തനിക്ക് കുറുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും മറ്റൊരാളുമായി തന്നെ ബന്ധപ്പെടുത്തി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ദാമോദര മേനോന്റെ വാദം. തന്റെ ജീവിതത്തിലെ പഴയ ഇടപാടുകളെ ഇപ്പോഴത്തെ സംഭവങ്ങളുമായി കൂട്ടിച്ചേർത്ത് തന്നെ ഒരു വലിയ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. തന്റെ ഭാഗം വിശദീകരിക്കാൻ ബന്ധപ്പെട്ട അധികൃതരോട് അവസരം തേടിയിട്ടുണ്ടെന്നും ദാമോദര മേനോൻ വ്യക്തമാക്കി.

ENGLISH SUMMARY:

Damodara Menon, a Thrissur native living in Brunei, stated that he has no connection to absconding fugitive Sukumara Kurup and blamed a man named Parijathan for framing him. He explained that his conflicts began in 1996 over financial disputes involving candidate commissions, damaged vehicles, and unpaid job deals with Parijathan and his associate Thiruvikraman Thampi. Menon clarified that he was falsely portrayed as Sukumara Kurup in a news channel report and expressed objection over unverified claims. He reiterated that he has never met or known Kurup and has approached authorities to clear his name.