നാലര പതിറ്റാണ്ടായി കേരള പൊലീസിനെ വലയ്ക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച് തുടങ്ങിയ സംഘത്തിന് ലഭിച്ചത്. ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. രണ്ട് ദിവസംമുന്‍പ് മനോരമ ന്യൂസ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ സുകുമാരക്കുറുപ്പ് വീണ്ടും മലയാളികളുടെ വാര്‍ത്താമുറിയില്‍ അണമുറിയാതെ ഒഴുകിയെത്തുകയായിരുന്നു. സുകുമാരക്കുറുപ്പ് ബ്രൂണയില്‍ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ആ വാര്‍ത്ത. തെളിവായി ചിത്രങ്ങളും വിഡിയോയുമൊക്കെ പുറത്തുവിട്ടു. ബ്രൂണയില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണത്തിന് കേരള പൊലീസ് ഒരുങ്ങിയതുമാണ്. തലങ്ങും വിലങ്ങും ചിത്രങ്ങളടക്കം പ്രചരിച്ചു. പക്ഷേ, ആ വ്യാജവാര്‍ത്തയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. ബ്രൂണയില്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ആ ചിത്രത്തിലുള്ള വ്യക്തി തൃശൂര്‍ തെക്കുംകര കരുമത്ര സ്വദേശി ദാമോദര മേനോന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഭാര്യയും രണ്ടുമക്കളുമുള്ള ദാമോദര മേനോന്‍ 28 വര്‍ഷം മുന്‍പാണ് ഒടുവില്‍ നാട്ടിലേക്ക് വന്നത്.
ദാമോദരമേനോന്റെ ബന്ധുക്കളുടെ വീട്ടിലെത്തിയ പൊലീസ് ചിത്രത്തിലുള്ളത് സുകുമാരക്കുറുപ്പല്ലെന്നും ദാമോദര മേനോനാനെന്നും നിഗമനത്തിലെത്തി. 1982 ജനുവരി 22ന് പുലര്‍ച്ചെയാണ് സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളി കേരളത്തെ ഞെട്ടിക്കുന്നത്. ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും േചർന്നാണ്, 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാൻ ആസൂത്രണമൊരുക്കിയത്. ഇൻഷുറൻസ് തട്ടിപ്പു നടത്തി, വണ്ടാനത്തെ ബംഗ്ലാവ് നിർമാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം.
യാദൃശ്ചികമായി വഴിയരികിൽക്കണ്ട ചാക്കോയ്ക്ക് സുകുമാരക്കുറുപ്പിന്റെ രൂപമുണ്ടെന്നു കണ്ടാണ് അന്നു ലിഫ്റ്റ് നൽകിയത്. പിന്നീട്, കുറുപ്പിന്റെ വീടിനു സമീപത്തെ പാടത്തിനരികിൽ അയാളുടെ കാറിൽ കത്തിയെരിഞ്ഞ നിലയിലാണ് ചാക്കോയെ കണ്ടെത്തിയത്. അതു സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണു പൊലീസ് തിരിച്ചറിഞ്ഞ്. കത്തിയ മൃതദേഹത്തിൽ പെട്രോൾ പോലെ എന്തോ ഒഴുകി തീപിടിച്ചിരുന്നു. വിദേശത്തു ശത്രുക്കളുള്ള കുറുപ്പിനെ അവര്‍ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പൊലീസിൽ പരാതിപ്പെട്ടതു ഭാസ്കരപിള്ളയാണ്. പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ പിള്ള മുഴുക്കൈ ഷർട്ടിട്ടാണ് എത്തിയത്. കൈയുടെ ബട്ടൺ മാറ്റി തെറുത്തു വയ്ക്കാൻ പൊലീസ് നിർദേശിച്ചു. രണ്ടു കയ്യിലും പൊള്ളലേറ്റത് അതോടെ വെളിപ്പെട്ടു. നാടകം പൊളിഞ്ഞു. സ്വത്തു തട്ടിയെടുക്കാൻ താനാണു കുറുപ്പിനെ കൊന്നത് എന്നായി പിള്ള. പക്ഷേ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞു. ആ സമയത്ത് കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. പിള്ള കുടുങ്ങിയതറിഞ്ഞ് കുറുപ്പ് മുങ്ങി. 40 കൊല്ലത്തിനിപ്പുറവും വെളിപ്പെടാത്ത മുങ്ങൽ.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി, 42 വർഷം പഴക്കമുള്ള സുകുമാരക്കുറുപ്പ് കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വീണ്ടും പൊടി തട്ടിയെടുത്തത് ജൂലൈ ആദ്യവാരമാണ്. അതിന്റെ ഭാഗമായി, കുറുപ്പിനെ മുൻപ് കൊൽക്കത്തയിൽവച്ച് കണ്ടുവെന്ന് അവകാശപ്പെട്ട ആലപ്പുഴ സ്വദേശിനി രത്നമ്മയെ സന്ദർശിച്ച് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുമ്പോൾ, കൊലപാതകത്തിന് 5 വർഷത്തിനു ശേഷം 1989ൽ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന ബൊക്കാറോ ജനറൽ ആശുപത്രിയിൽ സുകുമാരക്കുറുപ്പ് ചികിത്സയ്ക്കായി എത്തിയെന്നായിരുന്നു വർഷങ്ങൾക്കു മുൻപ് രത്നമ്മ അവകാശപ്പെട്ടത്. സുകുമാരക്കുറുപ്പ് ആണോ എന്നു ചോദിച്ചപ്പോൾ ആണെന്ന് മറുപടി നൽകിയെന്നും താൻ പിന്നീട് വന്നപ്പോഴേക്കും അയാൾ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞെന്നുമാണു രത്നമ്മ മുൻപ് കേരള പൊലീസിനെ കത്തിലൂടെ അറിയിച്ചത്. ഇക്കാര്യത്തിൽ മുൻപ് നൽകിയ മൊഴി ആവർത്തിക്കുകയാണ് രത്നമ്മ ചെയ്തത്.
സുകുമാരക്കുറുപ്പ് ബ്രൂണയിലുണ്ടെന്ന് ഒരു വാര്‍ത്താചാനല്‍ തെറ്റായ വിവരം പങ്കുവയ്ക്കുമ്പോള്‍ അത് സ്ഥിരീകരിച്ചവരിലൊരാള്‍, അല്ലെങ്കില്‍ അതിന് കൂട്ടുനിന്നൊരാള്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബറായിരുന്നു. നിര്‍മാണ മേഖലയില്‍ സുകുമാരക്കുറുപ്പ് ജോലി ചെ.യ്തുവരികയാണെന്നും ഭാര്യയുമായും മക്കളുമായും കുറുപ്പ് ബന്ധപ്പെടാറുണ്ടെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഇന്‍ഡോ–മലേഷ്യന്‍ വംശജനെന്ന വ്യാജേനയാണ് കുറുപ്പ് അവിടെ കഴിയുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. അതേസമയം, കുറുപ്പിനെ പിടിക്കേണ്ട സമയത്ത് പൊലീസ് വീഴ്ച വരുത്തിയെന്നും അലി അക്ബര്‍ ആരോപിച്ചു.
അതേസമയം, പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഉറപ്പായതോടെ, സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ എവിടെനിന്നാണ് വന്നതെന്നറിയില്ലെന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് അലി അക്ബര്‍. കുറുപ്പിന്റേതെന്ന പേരില്‍ പ്രചരിച്ച ദൃശ്യം പല മാധ്യമപ്രവര്‍ത്തകര്‍ക്കും കൈമാറിയതും അലി അക്ബറായിരുന്നു. ചിത്രം ദാമോദര മേനോന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതോടെ ചിത്രം ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു അലി അക്ബര്‍. അതേസമയം, സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന നിഗമനത്തില്‍ കേരള പൊലീസ് കേസ് ഏതാണ്ട് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലേക്കും കടക്കുകയാണ്.