ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും 'സി.ആർ.7' ബ്രാന്‍ഡിന്റെ ബ്രാൻഡ് ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവല്ലേഴ്‌സിന്റെ കോഴിക്കോട് ഷോറൂമിൽ സംഘടിപ്പിച്ച 'സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനം ചെയ്യുന്നതിനായാണ് എല്‍മ കോഴിക്കോട്ടെത്തിയത്. കേരള സന്ദർശനത്തിനിടെ മുഖ്യമന്ത്രി വി.ഡി.സതീശനുമായും എല്‍മ അപ്രതീക്ഷിതമായി കൂടിക്കാഴ്ച നടത്തി. താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
വി.ഡി.സതീശനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും എൽമ അവൈറോ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും രണ്ട് ദിവസം കേരളത്തിൽ ഉണ്ടാകുമെന്നും എല്‍മ പറഞ്ഞു. സിആർ7ന് കേരളത്തിൽ നിരവധി ആരാധകർ ഉണ്ടെന്നും താനും അതിൽ ഒരാളാണെന്നും വി.ഡി.സതീശൻ എൽമയോട് പറയുന്നതും വിഡിയോയിലുണ്ട്. തുടർന്ന് മുഖ്യമന്ത്രിക്ക് ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്.
ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിന്റെയും ഊഷ്മളമായ അടുപ്പത്തിന്റെയും കുറിപ്പോടെയാണ് വിഡിയോ എല്‍മ പങ്കിട്ടത്. ‘ഇന്ത്യയിലെ കേരളത്തിൽ വെച്ച് പ്രമുഖ രാഷ്ട്രീയ നേതാവായ വി.ഡി.സതീശനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. പങ്കുവെക്കലിന്റെയും അടുപ്പത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും മനോഹര നിമിഷങ്ങൾക്കാണ് ഈ ദിനം സാക്ഷ്യം വഹിച്ചത്. പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്, സവിശേഷമായ ഒരു അനുഭവവും എന്നും ഓർത്തുവയ്ക്കാനുള്ള നിമിഷവും’– ക്രിയേറ്റീവ് ഏജന്‍സിയായ ‘ക്ലോഡിയസ് ഷോ’ എൽമയെ ടാഗ് ചെയ്ത് പങ്കിട്ട പോസ്റ്റില്‍ കുറിച്ചു.
മുഖ്യമന്ത്രി വി.ഡി.സതീശനും വിഡിയോ പങ്കിട്ടിട്ടുണ്ട്. ‘കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോയെ നേരിൽ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ, മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി’– വി.ഡി.സതീശന്‍ കുറിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത സഹോദരിയും പോർച്ചുഗീസ് ബിസിനസുകാരിയുമാണ് എല്‍മ. സോഷ്യൽ മീഡിയയില്‍ സജീവമായ റൊണാൾഡോയെയും കുടുംബത്തെയും കുറിച്ചുള്ള വിശേഷങ്ങളും സജീവമായി പങ്കുവയ്ക്കാറുണ്ട്.