തിരുവനന്തപുരം ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ ആരും തടഞ്ഞിട്ടില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന മുൻ എം.പി എൻ.പീതാംബര കുറുപ്പ്. മുഖ്യമന്ത്രിയെ തടയുന്ന ആളുകളല്ല ചേന്തിയിലുള്ളതെന്നും അദ്ദേഹത്തെ കാണാൻ അമ്മമാർ ഉൾപ്പെടെ കാത്തു നിൽക്കുന്നുണ്ടായിരുന്നുവെന്നും പീതാംബര കുറുപ്പ് മനോരമ ന്യൂസിനോട്. ചേന്തി അനിലിനെതിരായ കേസ് ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് മറ്റൊരാളുടെ ഉപദേശം വേണ്ടിവരില്ലെന്ന പീതാംബരക്കുറുപ്പിന്‍റെ വാക്കുകള്‍ അറസ്റ്റുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ഭിന്നസ്വരമുണ്ടെന്ന് ഉറപ്പിക്കുകയാണ്.  

മുഖ്യമന്ത്രിയെ തടഞ്ഞതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, മുഖ്യമന്ത്രിയെ തടയാന്‍ പാടുണ്ടോ, മുഖ്യമന്ത്രി നയപരമായി പെരുമാറേണ്ടിയിരുന്നില്ലേ എന്നൊക്കെയുള്ള അഭിപ്രായം ഉയരുന്നതിനിടയിലാണ് മുഖ്യമന്ത്രിയെ ആരും തടഞ്ഞിട്ടില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന പീതാംബര കുറുപ്പ് പറയുന്നത്.  

മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥർ നൽകിയ നിർദേശമനുസരിച്ചാവും അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ചേന്തി അനിൽ ചെറുപ്പക്കാരനായ പൊതു പ്രവർത്തകനാണ്. അദ്ദേഹത്തിനെതിരായ കേസ് വേണ്ടെന്ന് വയ്ക്കാൻ ശേഷിയുള്ള ആളാണ് വി.ഡി. സതീശനെന്നും പീതാംബരക്കുറുപ്പ്. 

ഏതെങ്കിലുമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പൊലീസ് തടസം പറഞ്ഞാല്‍ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ വിളിച്ച് അഭിപ്രായം ആരാഞ്ഞ് പരിപാടിയില്‍ പങ്കെടുത്തിരുന്ന കെ. കരുണാകരന്‍റെ കാലഘട്ടത്തിലും താന്‍ പൊതുപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും പീതാംബര കുറുപ്പ് ഓര്‍മപ്പെടുത്തുകയാണ്. 

ENGLISH SUMMARY:

Malayala Manorama Online News reports that former MP N. Peethambara Kurup clarified that Chief Minister V.D. Satheesan was not blocked in Chenthil. He added that mothers were waiting to see the Chief Minister, and the case against Chenthil Anil would not require external advice for the Chief Minister to drop.