തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഭാവി പ്രധാനമന്ത്രിയാകണമെന്ന ടിവികെ മന്ത്രിമാരുടെ പ്രതികരണങ്ങള്‍ പുറത്തുവന്നതോടെ തമിഴ്‌നാട് കോണ്‍ഗ്രസില്‍ അമര്‍ഷം. കോണ്‍ഗ്രസ് മന്ത്രി രാജി ഭീഷണി മുഴക്കി രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ സഖ്യത്തിലെ ഭിന്നതയും പുറത്താകുകയാണ്. വിവാദത്തിനിടെ കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ മാണിക്കം ടാഗോള്‍ ഇന്നലെ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന മന്ത്രി സെങ്കോട്ടയ്യനടക്കം അഞ്ച് മന്ത്രിമാരാണ് വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. നിയമസഭയില്‍ മന്ത്രി ശരത് കുമാര്‍, വിജയ്‌യെ വരുംകാല പ്രധാന മന്ത്രിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നൊരാള്‍ അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് മന്ത്രി ആദവ് അര്‍ജുന സഭയില്‍ പറഞ്ഞത്. നേതാവിനെ പുകഴ്ത്തിനായി പറഞ്ഞു തുടങ്ങിയതാണെങ്കിലും മന്ത്രിമാരുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളിലടക്കം വിജയ് പ്രധാന മന്ത്രിയാകണമെന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്.
വിജയ് അടുത്ത പ്രധാനമന്ത്രി എന്ന തരത്തില്‍ ഫാന്‍ പേജുകള്‍ കാര്‍ഡുകള്‍ പ്രചരിപ്പിക്കുമ്പോള്‍, തൂത്തുക്കുടിയില്‍ ഭാവി പ്രധാനമന്ത്രി വിജയ് എന്ന പേരില്‍ പോസ്റ്ററുകളുമെത്തി. വിഷയത്തില്‍ ഒരു ഇംഗ്ലിഷ് മാധ്യമം നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രിയായി നരേന്ദ്രേമോദിക്കും രാഹുല്‍ ഗാന്ധിക്കും ശേഷം വിജയ്‌യെ ജനങ്ങള്‍ തിരഞ്ഞെടുത്തെന്ന് കാണിച്ചുള്ള സര്‍വേ ഫലവും വന്നതോടെ കടുത്ത അതൃപ്തിയിലാണ് സഖ്യകക്ഷിയായ കോണ്‍ഗ്രസ്.
രാഹുല്‍ഗാന്ധിക്കെതിരായി സഖ്യത്തിലുള്ള മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് സഖ്യത്തില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ടിവികെ മന്ത്രിമാരുടെ പ്രതികരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച മന്ത്രി രാജേഷ് കുമാര്‍ രാജി ഭീഷണി മുഴക്കിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഫാന്‍സ് ക്ലബുകളെ പോലെ പെരുമാറരുതെന്നാണ് ടിവികെ നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാണിക്കം ടാഗോള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മന്ത്രിമാരുടെ ആഗ്രഹം കേട്ട വിജയ് സഭയ്ക്ക് അകത്തും പുറത്തും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ വിഷയം തമിഴ്‌നാടിന് അകത്തും പുറത്തും കൂടുതല്‍ ചര്‍ച്ചയാകാനാണ് സാധ്യത.