'റിട്ടയർ ഇൻ കേരള' എന്ന ആശയത്തിലൂന്നി കേരളത്തെ ആഗോള ടൂറിസം - വിജ്ഞാന - ആരോഗ്യ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. യുകെ, ജർമ്മനി, ഓസ്ട്രേലിയൻ സിലബസ് മാതൃകയിൽ കെയർ ഗിവർ കോഴ്സുകളും ജെറിയാട്രിക് കെയർ സെന്ററുകളും ആരംഭിക്കുമെന്നും ഇന്തോ - അറബ് കണക്റ്റ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൽ ടൂറിസം കൂടി കൈകോർക്കുന്നതിനെക്കുറിച്ചാണ് ഉച്ചകോടി ചർച്ചചെയ്യുന്നത്

അറബ് നിക്ഷേപകരെയും സഞ്ചാരികളെയും സ്വാഗതം ചെയ്തായിരുന്നു ഇന്തോ അറബ് കണക്റ്റ് ഉച്ചകോടിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ സംസാരിച്ചത്.  അറബ് രാജ്യങ്ങളുമായുള്ള  നൂറ്റാണ്ടുകളുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും, സംസ്ഥാനത്തെ ആഗോള തലത്തിലുള്ള ടൂറിസം, വിജ്ഞാന, ആരോഗ്യ ഹബ്ബായി ഉയർത്താനും ലക്ഷ്യമിട്ട് വൻ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിഷൻ സമുദ്രയിലൂടെ തീരദേശത്തെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ പോർട്ട് സിറ്റിയാക്കി മാറ്റുകയാണ് ലക്ഷ്യം.  

കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ഗോവയിലേക്കും, കാസർകോട് മുതൽ തിരുവനന്തപുരം വരെയും ക്രൂയിസ് സർവീസുകൾ ആരംഭിക്കും. കൊച്ചി വിമാനത്താവളത്തിന് സമീപം അത്യാധുനിക രാജ്യാന്തര ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള 162 അറബ് ടൂർ ഓപ്പറേറ്റർമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള എക്‌സിബിറ്റേഴ്‌സുമായി ഇവർ നേരിട്ട് സംവദിക്കും. വരും വർഷങ്ങളിൽ കുറഞ്ഞത് 25,000 കോടി രൂപയുടെ വ്യാപാര വികസന സാധ്യതകളാണ് ഉച്ചകോടിക്ക് പിന്നാലെ ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത്. 

ENGLISH SUMMARY:

Retire in Kerala aims to transform Kerala into a global tourism, knowledge, and health hub. This initiative will also see the launch of caregiver courses and geriatric care centers, fostering stronger ties with Arab nations.