Image: Screen grab from X video
പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ പരീക്ഷണ ഓട്ടത്തിനിടെ ‘ഡ്രൈവറില്ലാ കാര്‍’ നിയന്ത്രണം വിട്ട് ചെന്നിടിച്ചത് പൊലീസ് വാനില്‍. സാറ്റലൈറ്റും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോൾ കാറിന്‍റെ സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് അപകടമുണ്ടായത്. എല്ലാം ലൈവായി ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്.
അബോട്ടാബാദിലെ കമ്പ്യൂട്ടർ എന്‍ജിനീയറിങ് വിദ്യാർഥിയും ഗവേഷകനുമായ എഹ്സാൻ സഫർ വികസിപ്പിച്ചെടുത്തതാണ് ഈ സാങ്കേതികവിദ്യ. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനുമായുള്ള പരീക്ഷണ ഓട്ടത്തിനിടെയാണ് സംഭവം. വിഡിയോയില്‍ കാറിലെ മുന്‍പിലെ പാസഞ്ചർ സീറ്റിൽ മാധ്യമപ്രവർത്തകൻ ഇരിക്കുന്നതും സ്റ്റിയറിങില്‍ ആരുമില്ലാതെ വാഹനം മുന്‍പോട്ടു പോകുന്നതും കാണാം. ആദ്യമെല്ലാം വാഹനം കൃത്യമായി മുന്നോട്ട് നീങ്ങിയെങ്കിലും പെട്ടെന്ന് സാങ്കേതിക തരാർ സംഭവിക്കുകയായിരുന്നു. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതോടെ വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും റോഡിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാനിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.
അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ നെറ്റിസണ്‍സും രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി: ‘ടെസ്‌ലയുടെ ഡ്രൈവറില്ലാ കാറിനുള്ള പാകിസ്താന്റെ മറുപടി: 'മസ്ല' (Masla)!’ എന്നാണ് ബോളിവുഡ് നടൻ രൺവീർ ഷോറെ പരിഹസിച്ചത്. ‘മറ്റെല്ലാ വാഹനങ്ങളെയും ഒഴിവാക്കി നേരെ പൊലീസ് വാനിൽ തന്നെ കൊണ്ടുപോയി ഇടിച്ച സാങ്കേതികവിദ്യ അപാരം തന്നെ!'’ എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ‘റെക്കോർഡ് ചെയ്തത് ഭാഗ്യം, ഇല്ലെങ്കിൽ പൊലീസിനോട് ഇത് എങ്ങനെ വിശദീകരിക്കുമായിരുന്നു, പാകിസ്താനിൽ പ്രതിഭകൾക്ക് യാതൊരു ക്ഷാമവുമില്ല’– എന്നിങ്ങനെ പരിഹാസങ്ങള്‍ നീളുകയാണ്.