ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തി വിവാദത്തിൽപെട്ട 15 കാരിയുടെ പുതിയ വിഡിയോ ചര്‍ച്ചയാകുന്നു.  പ്രധാനമന്ത്രി തന്‍റെ ജീവിതം നരക തുല്യമാക്കി എന്ന ആരോപണവുമായാണ് പെൺകുട്ടി ഇത്തവണ വിഡിയോ പങ്കുവച്ചത്. രണ്ടുദിവസം മുൻപ് പെൺകുട്ടി പുറത്തുവിട്ട വിഡിയോ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

'മോദിജി, നിങ്ങളെന്‍റെ  ജീവിതം നരക തുല്യമാക്കി. ഒരു 15 കാരിയെ വളരെയധികം വേട്ടയാടി. എവിടെ തിരിഞ്ഞാലും മാനസിക പീഡനം നേരിടുന്ന അവസ്ഥയിലാക്കി. എവിടെയും മുഖം മറയ്ക്കാതെ പോകാനാവാത്ത സാഹചര്യത്തിൽ എത്തിച്ചു. മോദി ജി, നിങ്ങൾ ഒരു ഭീരുവാണ്'- പെൺകുട്ടി വിഡിയോയിൽ പറയുന്നു.

'എനിക്ക് ഇപ്പോൾ നഷ്ടപ്പെടാൻ ഒന്നുമില്ല. എനിക്കുണ്ടായിരുന്നതെല്ലാം പോയി. എനിക്ക് എവിടേക്കും പോകാൻ കഴിയില്ല. എനിക്ക് ഒരു സ്വാതന്ത്ര്യവുമില്ല. എനിക്ക് എവിടെയും ജീവിക്കാനും കഴിയില്ല, ഇനിയിപ്പോൾ എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടുതന്നെ ഇനി എതിർപ്പുകളിൽ നിന്ന് പിന്തിരിയുകയുമില്ല'- പെൺകുട്ടി കൂട്ടിച്ചേർത്തു. 

വിഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ട് പെൺകുട്ടിയുടെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണെന്നാണ് റിപ്പോർട്ടുകൾ. വിഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ വിഡിയോ കോൺഗ്രസും ആം ആദ്മിയും അവരുടെ ഒഫിഷ്യൽ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. 

ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ മോദിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കുമെതിരെ അധിക്ഷേപകരമായ ഭാഷയിൽ വിമർശനങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് പെൺകുട്ടി ആദ്യം മാധ്യമശ്രദ്ധ നേടിയത്. പിന്നാലെ പെൺകുട്ടിക്കെതിരെ നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ പെൺകുട്ടിയും കുടുംബവും നോയിഡയിൽ നിന്ന് താമസം മാറിയെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ പ്രധാനമന്ത്രിയോട് കൂപ്പുകൈകളോടെ ക്ഷമാപണം നടത്തിക്കൊണ്ട് പപെൺകുട്ടി ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിവാദങ്ങളിൽ ഉൾപ്പെടുന്ന യുവജനങ്ങളെ ശിക്ഷാനടപടികൾക്ക് വിധേയരാക്കുന്നതിനുപകരം അവരോട് ക്ഷമിക്കണമെന്നും തിരുത്താനുള്ള അവസരം നൽകണമെന്നുമായിരുന്നു വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

ENGLISH SUMMARY:

The 15-year-old girl's new video alleging Prime Minister Narendra Modi made her life hell is gaining traction amid the Delhi protest. She claims she has been severely harassed and is now unable to live freely.