• അമ്പലം തകര്‍ത്ത ശേഷം മകുടത്തിലും മറ്റുമുണ്ടായിരുന്ന ലോഹഭാഗങ്ങളും ഇഷ്ടികകളും സ്ഥലത്ത് നിന്നും കടത്തിക്കൊണ്ട് പോയെന്ന് ന്യൂനപക്ഷ കമ്മിഷന്‍

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായിരുന്ന നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള അമ്പലം പൊളിച്ചു മാറ്റി. മദ്രസ നിര്‍മിക്കുന്നതിനായാണ് അമ്പലം പൊളിച്ചതെന്ന് പ്രദേശവാസികള്‍ ആരോപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഈ വാദം പാക് സര്‍ക്കാര്‍ തള്ളി. കാലപ്പഴക്കം വന്ന അമ്പലമായിരുന്നു ഇതെന്നും തുടര്‍ച്ചയായ മഴയില്‍ തകര്‍ന്നതാണെന്നുമാണ് അധികൃതരുടെ വിശദീകരണം. നരോവാളിലെ സിറാജ് ഗ്രാമത്തില്‍ 1000 ചതുരശ്രയടിയിലാണ് 125 വര്‍ഷം വരെ പഴക്കമുണ്ടെന്ന് കരുതുന്ന അമ്പലം നിന്നിരുന്നത്. Also Read: ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹോര്‍മുസിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം

അമ്പലം തകര്‍ത്തതില്‍ അന്വേഷണം വേണമെന്നും ചരിത്ര പ്രാധാന്യമുള്ള ആരാധനാലയം ആയിരുന്നു ഇതെന്നും പാക്കിസ്ഥാന്‍ മസിഹ മിലാത് പാര്‍ട്ടി ആവശ്യപ്പെട്ടു.  സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ഹിന്ദു സംഘടനകളും പ്രതികരിച്ചു. തീവ്ര ഇസ്ലാമിസറ്റ് പാര്‍ട്ടിയായ തെഹ്​രീക് ഇ ലബ്ബെയ്ക് പാക്കിസ്ഥാന്റെ പ്രവര്‍ത്തകരാണ് അമ്പലം പൊളിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ ന്യൂനപക്ഷ കമ്മിഷന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അമ്പലം തകര്‍ത്ത ശേഷം മകുടത്തിലും മറ്റുമുണ്ടായിരുന്ന ലോഹഭാഗങ്ങളും ഇഷ്ടികകളും സ്ഥലത്ത് നിന്നും കടത്തിക്കൊണ്ട് പോയെന്നും ന്യൂനപക്ഷ കമ്മിഷന്‍ പറയുന്നു. അമ്പലത്തോട് ചേര്‍ന്ന ഭൂമി നേരത്തെ മദ്രസയ്ക്കായി പാട്ടത്തിന് നല്‍കിയിരുന്നുവെന്നും ഇത് പിന്നീട് റദ്ദാക്കിയെന്നും ആരോപണമുണ്ട്. അമ്പലം നിലനിന്ന ഭൂമി മദ്രസയ്ക്കായി കൈവശപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

അതേസമയം, ന്യൂനപക്ഷ കമ്മിഷന്‍റെ വാദങ്ങളില്‍ കഴമ്പില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കനത്ത മഴയില്‍ ഇടിഞ്ഞ് വീണതാണെന്നും മറ്റ് അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. 'സര്‍ക്കാര്‍ രേഖകളിലൊന്നും ആ അമ്പലത്തിന് പേരില്ല. തന്നെയുമല്ല, അത് നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായിരുന്നു. ക്ഷേത്ര ഭൂമി ആര്‍ക്കും പാട്ടത്തിന് കൊടുക്കാനും സര്‍ക്കാരിന് ഉദ്ദേശമില്ല'- ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

An ancient Hindu temple, estimated to be over 100 years old in Narowal, Punjab province of Pakistan, was recently destroyed, triggering severe outrage among local minorities. Local residents and minority rights organizations allege that members of a far-right Islamic group demolished the structure to grab its land for an adjacent madrasa. Conversely, Pakistani authorities and the Evacuee Trust Property Board (ETPB) denied the demolition claims, attributing the collapse to continuous heavy rainfall. Following the incident, minority committees and political groups demanded a high-level probe, strict legal action against the culprits, and the immediate reconstruction of the historic temple.