കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായി തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്ന വാദം പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നും ഇസ്ലാമിക ചരിത്രത്തെപോലും വളച്ചൊടിക്കുന്ന ഇത്തരം പരാമർശങ്ങളെ അംഗീകരിക്കാനാകില്ലെന്നും തിരുവനന്തപുരത്ത് നടന്ന അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ചരിത്രത്തിൽ ബിസിനസ് നടത്തിയ ഖദീജ ബീവിയും സൈന്യാധിപയായ ആയിഷ ബീവിയും ബിൽക്കീസ് രാജ്ഞിയും ഉൾപ്പെടെയുള്ള മാതൃകകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടിനെ എതിർത്തത്.
ചേന്തിയില്‍ തന്നെ ആരും തടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപ് തന്നെ ചടങ്ങ് റദ്ദാക്കിയിരുന്നു. എന്നാൽ, വഴിമധ്യേ പാർട്ടി പ്രവർത്തകരെ കണ്ടപ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങിയ തന്റെ നേരെ അനിൽ മോശമായി പെരുമാറുകയാണുണ്ടായത്. തുടർന്ന് സംഘർഷസാധ്യത ഒഴിവാക്കാൻ താൻ യാത്ര തുടർന്നു. പൊലീസ് സ്വമേധയാ ആണ് കേസ് എടുത്തത്. ഇയാൾ എങ്ങനെ ഡിസിസി അംഗമായി എന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായിക പ്രേമികളെ 'മെസ്സി ഇവന്റിൽ' വൻ സാമ്പത്തിക തട്ടിപ്പും ജി.എസ്.ടി (GST) ലംഘനവും നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. വിഷയത്തിൽ ധനകാര്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ, പാർട്ടി പരിപാടികളിലും മറ്റ് പൊതുചടങ്ങുകളിലും വന്ദേമാതരത്തിന്റെ നിശ്ചിത ഭാഗം ആലപിക്കുകയെന്നതാണ് കോൺഗ്രസിന്റെ വ്യക്തമായ നയമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തമ്മിൽ ധാരണയുണ്ടായിരുന്നുവെന്ന ആക്ഷേപത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ വിചിത്രമാണ്. മുൻ സർക്കാരിന്റെ കാലത്ത് നടന്ന കാര്യങ്ങളിൽ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അധ്യാപക തസ്തികകളിലേക്കുള്ള 18 പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പ്രൈമറി ടീച്ചർ മുതൽ ഹയർസെക്കൻഡറി വരെയുള്ള നിയമന പട്ടികകൾക്കാണ് ഇളവ് അനുവദിക്കുന്നത്.
സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്സേഷൻ വൈകിയത് തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ യഥാസമയം പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം നേരിട്ട സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾക്ക് ആശ്വാസകരമായ നടപടി. ഇതിനുപുറമേ, ലഹരിമരുന്ന് കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിൽ പുതിയതായി മൂന്ന് എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാനും തീരുമാനമായി. തൈക്കാട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രിയാണ് സുപ്രധാന തീരുമാനങ്ങൾ വിശദീകരിച്ചത്.
സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാംപെയ്ൻ ശക്തമായി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ വേഗത്തിൽ വിചാരണ ഉറപ്പാക്കാനാണ് മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തിക്കുന്ന കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടിൽനിന്ന് 11 ആയി വർധിപ്പിച്ചു.
പുതിയ മൂന്ന് കോടതികളിലുമായി 33 തസ്തികകൾ ഉൾപ്പെടെ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതിലൂടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെങ്കിലും ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.
പരിസ്ഥിതിലോല പ്രദേശങ്ങളെ (ESA) സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ മലയോര ജനങ്ങൾക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി. കസ്തൂരിരംഗൻ സമിതി നിർദ്ദേശിച്ച 13,108 ചതുരശ്ര കിലോമീറ്ററിൽ നിന്ന് ഉമ്മൻ വി. ഉമ്മൻ സമിതി റിപ്പോർട്ട് പ്രകാരം 9,993.7 ചതുരശ്ര കിലോമീറ്ററായും 131 വില്ലേജുകളായും കുറച്ചിരുന്നു. തുടർന്ന് 98 വില്ലേജുകളിലെ 8,590 ചതുരശ്ര കിലോമീറ്ററിലേക്ക് ഇഎസ്എ പരിധി ചുരുക്കാനുള്ള സർക്കാരിന്റെ നിർദ്ദേശം വിദഗ്ധ സമിതിക്ക് മുൻപാകെ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മന്ത്രിതല-ഉദ്യോഗസ്ഥ സംഘം സമർപ്പിച്ചു. കരടിന്റെ കാലാവധി തീരുന്ന സാഹചര്യത്തിൽ ലഭിച്ച പുതിയ റിപ്പോർട്ടിൽ ജനവാസ മേഖലകളെ പൂർണ്ണമായി ഒഴിവാക്കി വനപ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്താനുള്ള നിർദ്ദേശം സമിതി പരിഗണിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.