ഗുരുവായൂർ അമ്പലനടയിൽ കല്യാണ മേളം. ചിങ്ങപ്പുലരിയിൽ 444 വിവാഹങ്ങൾ ക്ഷേത്രസന്നിധിയിൽ നടന്നു. ഒറ്റ ദിവസം ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത് ഗുരുവായൂരിന്‍റെ ചരിത്രത്തിൽ ആദ്യമായാണ്.
ആറ് മണ്ഡപങ്ങളിലായി പുലർച്ചെ നാലുമണിയോടെ വിവാഹ ചടങ്ങുകൾ തുടങ്ങി. ഓണാവധി കൂടി ആയതിനാൽ ഭക്തജനതിരക്ക് കണക്കിലെടുത്ത് ദേവസ്വവും പൊലീസും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. താലികെട്ടിന് തൊട്ടുമുമ്പ് വരെ വിവാഹം ശീട്ടാക്കാൻ കഴിയുന്നതിനാൽ, വിവാഹങ്ങളുടെ എണ്ണം മണിക്കൂറുകൾക്കകം വർദ്ധിച്ചുകൊണ്ടിരുന്നു. 2024 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റെക്കോർഡ്. ക്ഷേത്രത്തിനകത്തും പുറത്തും ഗതാഗതവും തിരക്കും നിയന്ത്രിക്കുന്നതിനായി പൂർണമായും വൺവേ സംവിധാനം ഏർപ്പെടുത്തി. ഗുരുവായൂരപ്പന്‍റെ സന്നിധിയിൽ വിവാഹിതരാകണമെന്ന ആഗ്രഹവുമായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വധൂവരന്മാർ എത്തി.