• പ്രതിശ്രുത വരന്‍ നല്‍കിയ 4 പവന്റെ മാലയുമായി വിവാഹദിവസം കാമുകനൊപ്പം ഒളിച്ചോടിപ്പോയ വധുവിനെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു

വിവാഹത്തിന്‍റെ തലേന്ന് രാത്രിയിലും വിവാഹ പന്തലില്‍ നിന്നുവരെ വധു ഒളിച്ചോടിപോകുന്ന പല സംഭവങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. പ്രണയിച്ച പുരുഷനൊപ്പം പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോകുമ്പോള്‍, ചിലപ്പോഴൊക്കെ ആ ധീരതയെ നമ്മള്‍ പ്രശംസിക്കും, മറ്റു ചിലപ്പോള്‍ മൂക്കത്ത് വിരല്‍വെച്ച് ഒന്നു ചിന്തിക്കും. എന്നാല്‍, ഇതിനെല്ലാം അപ്പുറത്ത് അവിടെ ഒരു മനുഷ്യന്‍ നില്‍പ്പുണ്ടാകും. എല്ലാ അപമാനവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടിവരുന്ന ഒരു മൂന്നാമന്‍, വരന്‍. പെണ്‍കുട്ടിയേയും അവരുടെ വീട്ടുകാരേയും വിശ്വസിച്ച് ആളും ആരവങ്ങളും ഒരുക്കി, സമ്പാദ്യത്തില്‍ നല്ലൊരു ഭാഗം വിവാഹ ചടങ്ങുകള്‍ക്കായി ചിലവാക്കുന്നവന്‍. അതിനെല്ലാം അപ്പുറത്ത്, ക്ഷണിച്ചുകൂട്ടിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും മുന്നില്‍ അപഹാസ്യനായി തീരുന്നവന്‍. ആ ചെറുപ്പക്കാരന്‍ എങ്ങനെയാകും പ്രതികരിക്കേണ്ടത്? ഇതേ അവസ്ഥയിലൂടെ കടന്നുപോയ, കൊച്ചി ചിറ്റൂര്‍ സ്വദേശിയായ ഒരു യുവാവിന്‍റെ കഥയുണ്ട്... അവന്‍റെ രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിന്‍റെ വേറിട്ടൊരു കഥ. 

2024 സെപ്തംബര്‍ 12 നാണ് ‌യുവാവും കാക്കാനാട് വാഴക്കാല സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടത്താന്‍ ഇരുവീട്ടുകാരും ചേര്‍ന്ന് തീരുമാനിച്ചത്. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ള യുവാവിന് പെണ്‍കുട്ടിയെ നന്നേ ഇഷ്ടപ്പെട്ടു. നിശ്ചയം കഴിഞ്ഞയുടനെ  പ്രതിശ്രുത വധുവിന് സമ്മാനമായി നാലു പവന്‍റെ ഒരു സ്വര്‍ണ ചെയിനും യുവാവ് സമ്മാനിച്ചു. ഒപ്പം, വധുവിന്‍റെ മാതാപിതാക്കള്‍ പല ആവശ്യങ്ങള്‍ പറഞ്ഞ് പലതവണയായി യുവാവിന്‍റെ കയ്യില്‍ നിന്നും പണവും വാങ്ങി. 

പക്ഷേ, വിവാഹ ദിവസം പെണ്‍കുട്ടി തന്‍റെ ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി. യുവാവിന്‍റെ വിവാഹം മുടങ്ങി. പക്ഷേ, നാണക്കേട് സഹിച്ച് വിഷമിച്ചിരിക്കാന്‍ യുവാവ് തയ്യാറായില്ല. സമ്മാനമായി നല്‍കിയ സ്വര്‍ണ ചെയിന്‍ മുതല്‍ വിവാഹത്തിന് ക്ഷണക്കത്ത് അടിച്ചത്, ഓഡിറ്റോറിയം ബുക്ക് ചെയ്തത്, ഭക്ഷണമൊരുക്കിയത്, വിവാഹ വസ്ത്രങ്ങള്‍ വാങ്ങിയത് തുടങ്ങി തനിക്ക് ചെലവായതിന്‍റെ ഒരു കണക്കെടുത്തു. ശേഷം, എട്ട് ലക്ഷം രൂപയുടെ ആകെ നഷ്ടമുണ്ടായതായി കാണിച്ച് വരന്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കി. 

പക്ഷേ, കേസ് എടുക്കാന്‍ പൊലീസിന് മടി. ഒടുവില്‍ യുവാവ് കോടതിയെ സമീപിച്ചു. രണ്ടു വര്‍ഷം നിയമപോരാട്ടം നടത്തി. ഒടുവില്‍ കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് വന്നു, യുവാവിന്‍റെ പരാതിയില്‍ പൊലീസിന് കേസ് എടുക്കാം. അങ്ങനെ കോടതി നിര്‍ദേശപ്രകാരം തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നാം പ്രതി, വധു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികള്‍. വധുവിനെയും കൂട്ടി അന്ന് ഒളിച്ചോടിയ യുവാവ് കേസിലെ നാലാം പ്രതി. വിശ്വാസവഞ്ചനാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നത് മറച്ചുവച്ചായിരുന്നു ചിറ്റൂര്‍ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചത്. വിവാഹ നിശ്ചയവും നടത്തി അഞ്ച് മാസത്തിനു ശേഷമായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇക്കാലയളവിലാണ് വധുവിന്‍റെ കുടുംബം ചതിയിലൂടെ പണം തട്ടിയെടുത്തതെന്ന് യുവാവ് ആരോപിക്കുന്നു. വധു ഓടിപ്പോയത് സാമ്പത്തിക നഷ്ടത്തിനൊപ്പം വലിയ മാനഹാനി ഉണ്ടാക്കിയതായും വരന്‍ കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് കേസെടുക്കാന്‍ പൊലീസിനോട് ഉത്തരവിട്ടത്. 

യുവാവ് നടത്തിയ നിയമപോരാട്ടം വലിയൊരു മാതൃകയാണ്. വിവാഹമായാലും ഏത് കാര്യമായാലും രണ്ടുപേര്‍ തമ്മിലുള്ള വിശ്വാസമാണ് ഏതു ബന്ധത്തിന്‍റെയും അടിസ്ഥാനം. ഒരു ചെറുപ്പക്കാരന് പ്രതീക്ഷയും സ്വപ്നങ്ങളും നല്‍കി വിവാഹവേദി വരെ കൊണ്ടുചെന്നു നിര്‍ത്താതെ, 'വേണ്ട' എന്നു പറഞ്ഞ് ഇറങ്ങിപ്പോകാന്‍ ആ പെണ്‍കുട്ടിക്ക് ഇടമുണ്ടായിരുന്നു. എന്നിട്ടും, ചതിക്കാനായി കളമൊരുക്കി. വിശ്വാസ വഞ്ചന കുറ്റം തന്നെയാണ്. ഇനി നിയമം പറയട്ടെ, നീതി എങ്ങനെ നടപ്പാക്കുമെന്ന്!!

ENGLISH SUMMARY:

Bride elopes on wedding day is a disheartening event that leaves the groom facing significant financial and emotional distress. This article details a groom's two-year legal battle against his runaway bride and her family for breach of trust and financial losses incurred.