Image: Facebook, Lena

  • ‘നടി ലെനയ്ക്കുണ്ടായ അനുഭവത്തിന് പരിഹസിക്കേണ്ട കാര്യമില്ല, ഞാനും അതേ അനുഭവത്തിലൂടെ കടന്നുപോയി, എന്നാല്‍ ലെന താന്‍ കഴിച്ച മരുന്നുകള്‍ കഴിക്കുന്നത് നല്ലതായിരിക്കും’

ദിവസങ്ങള്‍ക്കു മുന്‍പ് നടി ലെന ഒരു അഭിമുഖത്തിനിടെ പങ്കുവച്ച അനുഭവം സോഷ്യല്‍മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. മുറിയില്‍ ജുബ്ബയും ജീന്‍സുമിട്ടൊരാളെ താന്‍ കണ്ടുവെന്നും, പിന്നീടാണ് അത് ആത്മാവാണെന്ന് ബോധ്യപ്പെട്ടതെന്നുമായിരുന്നു ലെനയുടെ വാക്കുകള്‍. എന്നാലിത് സോഷ്യല്‍മീഡിയയില്‍ നിറയെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു. ഇപ്പോഴിതാ ലെനയ്ക്കു  മാത്രമല്ല തനിക്കും ഇത്തരമൊരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഡിജിറ്റല്‍ ക്രിയേറ്റര്‍ കൂടിയായ ഷാജി. ടി.വി. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് ഷാജി തന്റെ അനുഭവം വിവരിക്കുന്നത്. 

Also Read: ഇനി വിജയ്​ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു

‘ലെനയുടെ വിചിത്രമായ അനുഭവം പല സ്ഥലത്തും കണ്ടു, ജുബ്ബയും ജീന്‍സും ധരിച്ചയാളെ മുറിയില്‍ കണ്ടെന്നാണ് ലെന പറയുന്നത്,  ഇതുകേട്ട് പലരും കളിയാക്കുന്നതും കണ്ടു, വല്ല സബ്സ്റ്റന്‍സും അടിച്ചിട്ടുള്ള തോന്നലാകും എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്, എന്നാല്‍ അത് ഒന്നും അടിച്ചിട്ടുള്ള തോന്നലുകളല്ലെന്ന് പറയാനാണ് താന്‍ വന്നിരിക്കുന്നത്, തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. സ്കീസോഫ്രീനിയ (Schizophrenia) എന്ന അവസ്ഥയിലൂടെ രണ്ടുതവണ താന്‍ കടന്നുപോയിട്ടുണ്ട്, ഒന്ന് പത്തുപതിനാലു വയസുള്ളപ്പോഴായിരുന്നു ആദ്യത്തെ അനുഭവം. രണ്ടാമത്തേത് ആറു വര്‍ഷം മുന്‍പും. 

‘കുട്ടിക്കാലത്ത് അങ്ങനൊരാളെ കണ്ടു സംസാരിച്ചപ്പോള്‍ തന്റെ കാരണവന്‍മാര്‍ പ്രേതബാധയാണെന്ന് സ്ഥിരീകരിച്ച് മന്ത്രവാദക്കളങ്ങളിലിരുത്തി, അങ്ങനെയെങ്ങനെയോ തല്‍ക്കാലത്തേക്ക് ആ അനുഭവത്തില്‍ നിന്നും മോചിതനായി, ആറു വര്‍ഷം മുന്‍പും സമാന അനുഭവം വന്നു, അയാളോട് അടുത്തുനിന്ന് കൈപിടിച്ച് സംസാരിച്ചു, ആ മുഖം വ്യക്തമായി ഓര്‍മയുണ്ട്, രാഷ്ട്രീയം, ആഗോള ഫിലോസഫിയൊക്കെയായിരുന്നു ചര്‍ച്ച, എന്നാല്‍ മുറിയിലേക്ക് ആരെങ്കിലും കയറിവന്നാല്‍ അയാള്‍ അപ്രത്യക്ഷമാകും. തന്നോട് തന്റെ പങ്കാളിയാണ് ഇതേക്കുറിച്ച് ഗൗരവമായി പറഞ്ഞത്, ഒറ്റയ്ക്ക് സംസാരിക്കുന്നുണ്ടെന്നും അത് പുറത്തേക്ക് കേട്ടെന്നുമാണ് അവള്‍ പറഞ്ഞത്, കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നു തോന്നിയതോടെ താന്‍ ഡോക്ടറെ കണ്ടു, ഡോക്ടര്‍ നല്‍കിയ മരുന്നുകഴിച്ചു അന്ന് ആ പ്രശ്നം ഭേദമായി. 

 

‘ഇതെങ്ങനെയാണ് ഇല്ലാത്തയാളുകളെ നമ്മള്‍ കാണുന്നതെന്ന് പിന്നീട് പലതവണ താന്‍ ആലോചിച്ചെന്നു പറയുന്ന ഷാജി പിന്നീട് തലച്ചോറില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ലളിതമായി പറയുകയാണ്. ‘നമ്മുടെ ശരീരത്തില്‍ C4 (Complement Component 4 Gene) എന്നൊരു ജീന്‍ ഉണ്ട്. പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടതാണിത്. തലച്ചോറിലെ ആവശ്യമില്ലാത്ത ന്യൂറോൺ ബന്ധങ്ങളെ (Synapses) നീക്കം ചെയ്ത് നാഡീവ്യൂഹത്തെ കാര്യക്ഷമമാക്കുന്ന പ്രക്രിയയിലും (Synaptic Pruning) C4 ജീനുകൾ സഹായിക്കുന്നു. ശരീരത്തില്‍ നശിപ്പിക്കപ്പെടേണ്ട കോശങ്ങളെ നശിപ്പിക്കുന്ന മെക്കാനിസം വളരെ കോംപ്ലിക്കേറ്റഡ് ആണ്, എങ്കിലും ഇത് വളരെ ലളിതമായി പറയുകയാണ് , ഈ കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നതില്‍ ചിലപ്പോള്‍ ചില തകരാറുകള്‍ സംഭവിക്കും. ആവശ്യമുള്ള കോശങ്ങള്‍ നശിച്ചു പോയേക്കാം, അങ്ങനെ വരുമ്പോള്‍ കാര്യങ്ങളൊക്കെ അല്‍പം തകരാറിലാകും. ഒന്നും ശരിയായി വര്‍ക്ക് െചയ്യില്ല, പ്രെഡിക്റ്റീവ് സിസ്റ്റം തകരാറിലായേക്കും, അപ്പോള്‍ പല തരത്തിലുളള ഡെല്യൂഷന്‍സും അനുഭവപ്പെടും, ജനിറ്റിക്കല്‍ തകരാറുകളും അമിത മാനസിക സമ്മര്‍ദവുമൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്,  അപ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്, ആരും ലെനയെ കളിയാക്കേണ്ട കാര്യമില്ലെന്നും ലെന താന്‍ കഴിച്ച പോലുള്ള മരുന്നുകള്‍ കഴിച്ചാല്‍ ഗുണം ചെയ്തേക്കുമെന്നും ഷാജി പറയുന്നു. അല്ലാതെ കണ്ടത് പ്രേതത്തേയോ ആത്മാവിനേയോ ആണെന്നൊന്നും പറയരുതെന്നും ഇദ്ദേഹം വിഡിയോയില്‍ പറയുന്നു.  തലച്ചോര്‍ ഈ അനുഭവങ്ങളെയൊക്കെ സ്ഥിരമായി ഫിക്സ് ചെയ്തു തുടങ്ങിയാല്‍ പിന്നെ ഈ അനുഭവങ്ങള്‍ പതിവായി മാറുമെന്നും ഷാജി മുന്നറിയിപ്പ് നല്‍കുന്നു. 

'It's Not a Ghost, I've Been Through This Too': Digital Creator Shaji T.V. Addresses Actress Lena's Controversy:

Digital creator Shaji T.V. responded to the online backlash surrounding actress Lena’s recent interview where she claimed to have seen a spirit in her room. Drawing from his personal experience with schizophrenia, Shaji explained that he experienced similar visual hallucinations due to brain function changes rather than supernatural forces. He detailed how malfunctions in processes like synaptic pruning and the C4 gene can cause delusions and detailed hallucinations. Advising against labeling such occurrences as ghost sightings, he suggested that seeking proper medical treatment and medication—as he did—is the correct approach to managing these symptoms.