Image from the video
മായം ചേര്‍ക്കുന്നു എന്ന പരാതിയെത്തുടര്‍ന്നെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ കൈകൂപ്പി കടയുടമ. റെയ്ഡിനിടയില്‍ സ്വന്തം കടയിലെ ആഹാരം കഴിച്ചുനോക്കാനായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഉടമ കൈകൂപ്പി വിസമ്മതിച്ചത്. ഉത്തർപ്രദേശിലെ ഹാമിർപുരിലെ ഒരു മധുരപലഹാരക്കടയിൽ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
Also Read:ഹെലികോപ്റ്ററില്‍ പറന്നിറങ്ങി, ഇന്ത്യന്‍ നാവികനെ ‘തൂക്കി’ ബ്രിട്ടിഷ് കമാന്‍ഡോകള്‍; ബലിയാടാക്കി
മായം ചേർത്ത മധുരപലഹാരങ്ങൾ വിൽപന നടത്തുന്നു എന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഈ കടയിലേക്ക് റെയ്‌ഡിനെത്തിയത്. സബ് ഡിവിഷനൽ മജിസ്ട്രേട്ട് (എസ്ഡിഎം) ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരെയും പൊലീസിനെയും കൂട്ടിയാണ് മധുരപലഹാരക്കടയിൽ പരിശോധനയക്ക് എത്തിയത്. തുടര്‍ന്ന് ഒരു പലഹാരമെടുത്ത് കഴിക്കാനായി ഉദ്യോഗസ്ഥരിലൊരാള്‍ ഉടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഉടമ അത് കഴിക്കാതെ കൈകൂപ്പി കാണിക്കുകയായിരുന്നു.
ഉടമയുടെ പ്രവൃത്തിയിലൂടെ തന്നെ കാര്യങ്ങള്‍ ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പലഹാരങ്ങളുടെ സാംപിള്‍ ശേഖരിച്ചു പരിശോധനക്കായി കൊണ്ടുപോയി. ബാക്കിയുള്ള പലഹാരം വില്‍പന നടത്താതെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഉടമയുടെ വിഡിയോ വൈറലാണ്.