eerkil-tajmahal

TOPICS COVERED

ശിലകളിൽ മാത്രമല്ല, ഈർക്കിൽ തുമ്പിലും  താജ് മഹല്‍ പുനർജനിക്കും. വയനാട് അമ്പലവയൽ ചുള്ളിയോട് സ്വദേശി കെ.എ. ചന്ദ്രനാണ് ലക്ഷക്കണക്കിന് ഈർക്കിലുകൾ ചേർത്തു വെച്ച്  മാസങ്ങൾ നീണ്ട ക്ഷമയുടെയും സമർപ്പണത്തിയും വിസ്മയമൊരുക്കിയിരിക്കുന്നത്. 

കണ്ണെടുക്കാൻ തോന്നാത്തത്ര സൂക്ഷ്മത... വെണ്ണക്കല്ലിൽ തീർത്ത പ്രണയകാവ്യത്തിന് ഈർക്കിലിൽ വിരിഞ്ഞൊരു ശിൽപഭാഷ്യം. വയനാട് അമ്പലവയൽ ചുള്ളിയോട് സ്വദേശി കെ.എ. ചന്ദ്രന്‍റെ വീട്ടുപടിക്കൽ ഒരുങ്ങിയിരിക്കുന്നത് കാണുന്നവരെയെല്ലാം വിസ്മയിപ്പിക്കുന്ന ഒരു താജ്‌മഹലാണ്. ഒന്നരയടിയിലധികം ചതുരശ്ര വിസ്തൃതിയിൽ, വലിയ മിനാരവും ചുറ്റുമുള്ള നാല് ചെറു മിനാരങ്ങളും വാതിലുകളും കിളിവാതിലുകളുമെല്ലാം ഒറിജിനലിനെ വെല്ലുന്ന കൃത്യതയോടെയാണ് ചന്ദ്രൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്. പറമ്പുകളിൽ നിന്ന് പെറുക്കിയെടുക്കുന്ന ഈർക്കിലുകൾ ചെത്തിമിനുക്കി, ഓരോന്നായി പശ ചേർത്ത് ഒട്ടിച്ച് പോളിഷ് ചെയ്തെടുക്കുമ്പോൾ പിറക്കുന്നത് ഒരു അപൂർവ്വ ശിൽപകല.

27 വർഷമായി ഈർക്കിൽ കലാരൂപങ്ങളുമായി ആത്മബന്ധമുള്ള ചന്ദ്രൻ നിർമ്മിക്കുന്ന രണ്ടാമത്തെ താജ്‌മഹലാണിത്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ആദ്യ താജ്‌മഹൽ ഇപ്പോൾ തിരുവനന്തപുരം ആർട്ട് ഗാലറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിൽ കാലിന് പരിക്കേറ്റ് വിശ്രമത്തിലായ കാലത്താണ് ഈർക്കിൽ വിസ്മയത്തിന് തുടക്കമാവുന്നത്. പിന്നീട് വിവിധ മാതൃകകൾ നിർമ്മിക്കുകയും നിരവധി പ്രദർശനങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടുകയും ചെയ്തു. 

ENGLISH SUMMARY:

Taj Mahal popsicle stick art is a breathtaking recreation of the iconic monument by Wayanad artist K.A. Chandran, demonstrating incredible patience and dedication. This unique craftsmanship uses thousands of carefully selected and meticulously placed popsicle sticks to bring the marble masterpiece to life in a different medium