പൂക്കളുടെ വസന്തം തീർക്കുന്ന ഗുണ്ടൽപേട്ടിൽ ഇത്തവണ സഞ്ചാരികളെ വരവേൽക്കുന്നത് കറുത്തു തുടുത്ത മുന്തിരിക്കുലകളാണ്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ടി.ടി. അഷ്റഫ് ഒരുക്കിയ ഈ മുന്തിരിത്തോട്ടം ഇപ്പോൾ അതിർത്തി കടന്നെത്തുന്ന മലയാളികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുന്നു.
പച്ചപ്പിന്‍റെ തണൽവിരിപ്പുകളിലെ മധുരക്കാഴ്ചകൾ. ഗുണ്ടൽപേട്ടിലെ പാതയോരത്ത് സഞ്ചാരികളുടെ മനംകവരുകയാണ് ഈ മുന്തിരിത്തോപ്പ്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ ടി.ടി. അഷ്റഫ് തന്‍റെ 38 സെന്‍റ് ഭൂമിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ തോട്ടം ഒരുക്കിയത്. ഓണക്കാലം അടുത്തതോടെ പൂപ്പാടങ്ങൾ കാണാനെത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഈ മുന്തിരിത്തോട്ടം മാറിക്കഴിഞ്ഞു.
പരമ്പരാഗത കൃഷി രീതികൾക്കപ്പുറം 'ഫാം ടൂറിസം' എന്ന സാധ്യതയെ കൃത്യമായി വിനിയോഗിക്കുകയാണ് അഷ്റഫ്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇവിടം സോഷ്യൽ മീഡിയയിലും സഞ്ചാരികൾക്കിടയിലും തരംഗമായത്. യാത്രകളിലെ കേവല കാഴ്ചകൾക്കപ്പുറം പ്രകൃതിയോടിണങ്ങിയുള്ള ഇത്തരം കൃഷിയിടങ്ങൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് വേറിട്ടൊരു അനുഭവം തന്നെയാണ്.