• കോഴിക്കോട് കൊടുവള്ളിയില്‍ ഓഗസ്റ്റ് ആറിനാണ് സംഭവമുണ്ടായത്. കുട്ടി മോഷ്ടിച്ചെന്ന് ആരോപിച്ച വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് പന്ത്രണ്ടു വയസുമാത്രമുള്ള കുട്ടിക്ക് നേരെ ബന്ധുക്കളുടെ അതിക്രൂരമായ ഉപദ്രവം. ഓഗസ്റ്റ് ആറിന് കോഴിക്കോട് കൊടുവള്ളിയിലായിരുന്നു സംഭവം. വീട്ടിലെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ വിളിച്ചു കൊണ്ടുപോയ ശേഷമാണ് പിതാവിന്‍റെ സഹോദരന്‍, ഭാര്യ, ഇവരുടെ മകന്‍ എന്നിവര്‍ മര്‍ദിച്ചത്. കൈകാലുകള്‍ കൂട്ടിക്കെട്ടി അടിച്ച് അവശനാക്കിയ ശേഷം കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാല്‍നഖത്തില്‍ ഈര്‍ക്കിലും കൈ നഖത്തില്‍ ടൂത്ത് പിക്കും കുത്തിക്കയറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. 

കൈകാലുകള്‍ കെട്ടിയിട്ടതിന്‍റെ മുറുക്കം അയഞ്ഞപ്പോള്‍ അടച്ചിട്ട മുറിയില്‍ നിന്ന് പുറത്ത് കടന്ന കുട്ടി ടെറസിനോട് ചേര്‍ന്ന് നിന്ന കവുങ്ങിലൂടെ ഊര്‍ന്നിറങ്ങി റോഡിലെത്തി. വഴിയാത്രക്കാരിലൊരാളാണ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കുട്ടി മോഷ്ടിച്ചെന്ന് ആരോപിച്ച വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു.  

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സിഡബ്ല്യുസി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ റൂറല്‍ എസ്പിയോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ മര്‍ദിച്ചതിനും ആയുധങ്ങളുപയോഗിച്ച് അതിഗുരുതര പരുക്കേല്‍പ്പിച്ചതിനും അന്യായമായി തടങ്കലില്‍ വച്ചതിനും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ബാലനീതി പ്രകാരമുള്ള വകുപ്പുകളും ചുമത്തി. 

അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് പന്ത്രണ്ടുകാരന്‍ താമസിക്കുന്നത്. കൗണ്‍സിലിങ് നല്‍കിയ ശേഷം കുട്ടിയെ സിഡബ്ല്യുസിയുടെ താല്‍കാലിക സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണിപ്പോള്‍. 

ENGLISH SUMMARY:

In a horrific case of child abuse in Koduvally, Kozhikode, a 12-year-old boy was subjected to severe torture by his relatives over allegations of stealing a watch. On August 6, the victim’s uncle, aunt, and cousin allegedly tied him up, beat him, poured chili water into his eyes and private parts, and inserted toothpicks and coconut leaf ribs (eerkkil) under his nails. The boy managed to escape by climbing down an areca nut tree from a terrace and was found by a passerby who took him to the police. Following an investigation initiated by the Child Welfare Committee (CWC) and the Child Protection Officer, local police have registered a case against the accused for assault, illegal confinement, and violations of the Juvenile Justice Act. The child has since been placed in a temporary CWC protection home after receiving counseling.