TAGS

രാജ്യതലസ്ഥാനത്ത് മലയാളികൾക്കും വിദ്യാർത്ഥികൾക്കും ആവേശമായി ഒരു കൊമ്പൻ കൂടി. കാനിങ് റോഡ് കേരള സ്‌കൂൾ മുറ്റത്താണ്  കൊമ്പൻ സ്ഥാനം പിടിച്ചിട്ടുള്ളത്. ആനയും പൂരവും നെഞ്ചോട് ചേർത്തിട്ടുള്ള മലയാളികൾക്കായി ഡൽഹിയിൽ അങ്ങനെ ഒരു ഗജവീരൻ കൂടി നിലയുറപ്പിച്ചിരിക്കുകയാണ്.

ഒൻപതരയടി ഉയരം, ഒത്ത തലയെടുപ്പ്, നീണ്ടക്കൊമ്പുകളും തുമ്പിക്കൈയും, തിളങ്ങുന്ന കണ്ണുകൾ. സ്കൂൾ മുറ്റത്ത്  ഗജവീരൻ തല ഉയർത്തി നിൽക്കുകയാണ്.  പാമ്പാടി രാജന്‍റെ രൂപമാണ് പ്രതിമ നിർമാണത്തിനായി തിരഞ്ഞെടുത്തതെങ്കിലും പല ഗജവീരന്മാരുടെ ശരീരഘടനകളും പ്രതിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വിന്റർ കാർണിവലിനോട് അനുബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പാചക മേളയിൽ നിന്ന് ലഭിച്ച തുകയും ഉദാരമനസ്കരിൽ നിന്നുള്ള സംഭാവനയും എത്തിയതോടെ ശിൽപി കൂത്താട്ടുകുളം അത്താനിക്കൽ സ്വദേശി രമേഷ് കൃഷ്ണ‌ൻ പണി ആരംഭിച്ചു. മൂന്നുമാസം എടുത്താണ് കമ്പിയും സിമൻറ് ഉപയോഗിച്ച് കൊമ്പനെ തയ്യാറാക്കിയത്.

സ്കൂ‌ളിന്റെ സപ്തതിയോട് അനുബന്ധിച്ചാണ് അങ്കണത്തിൽ ആന പ്രതിമ സ്ഥാപിച്ചത്. ലോക ആന ദിനമായ ഇന്നലെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. 

ENGLISH SUMMARY:

A magnificent elephant statue has been installed at Kerala School on Canning Road in Delhi, bringing joy to Malayalis and students. This impressive Gaja Veerans statue, inspired by the mighty Pampady Rajan, stands tall at nine and a half feet and was recently inaugurated by Speaker Thiruvanchoor Radhakrishnan.