കേരളത്തില്‍ ഓരോ മഴക്കാലവും ഓരോ വെള്ളപ്പൊക്കത്തിന് വഴിതുറക്കുകയാണ്. ഒരു രാത്രി നിന്നു പെയ്ത മഴയാണ് മധ്യകേരളത്തെ ഇത്തവണ മുക്കിയത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടനാടിന്‍റെ പലഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. എന്താണിങ്ങനെ?
വെള്ളത്തിന് ഒഴുകേണ്ടെ?
മഴയുടെ സ്വഭാവം മാറി. കാലാവസ്ഥ മാറി എന്ന് പറഞ്ഞ് ഒഴിയാനാകില്ല. കുറച്ചുസമയത്ത് അതിതീവ്ര മഴപെയ്യുന്നതാണ് വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണമെങ്കിലും അതുമാത്രമാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനമെന്ന് പറയാനാവില്ല. ഭൂമിയുടെ ഉപയോഗത്തില്‍ വന്ന മാറ്റവും ജലസ്രോതസുകളെ സംരക്ഷിക്കാത്തതുമാണ് മഴക്കാലങ്ങളെ ഇത്രത്തോളം അപകടകരമാക്കിയത്. വെള്ളത്തിന് വീഴാനും മണ്ണിലേക്ക് താഴാനും കടലിലേക്ക് സുഗമമായി ഒഴുകി പോകാനും പോകാനും ഇടം വേണം. അതില്ലാതെയാകുന്നതാണ് കേരളത്തെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളുടെ മുന്‍പന്തിയിലെത്തിച്ചത്.
അവഗണിച്ച് ദുരന്ത റിപ്പോര്‍ട്ട്
2018 ലെ പ്രളയശേഷം കേരള സര്‍ക്കാരും ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളും ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും ലോകബാങ്കും എല്ലാം ചേര്‍ന്ന് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസ്സസ്മെന്‍റ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. കേരളം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് അതിന്‍റെ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയോ നടപ്പാക്കുകയോ ചെയ്തില്ല. അതാണ് ഓരോ വര്‍ഷവും പ്രകൃതി ദുരന്തങ്ങളും അതിന്‍റെ ആഘാതവും കൂടി വരുന്നതിന്‍റെ കാരണം.
2018ന്‍റെ പാഠങ്ങള്‍
2018 ലെപ്രളയത്തില്‍ വീടുകള്‍, കെട്ടിടങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവക്ക് വന്‍നാശമാണുണ്ടായത്. 6410 കോടിയുടെ നഷ്ടമുണ്ടായതാണ് കണക്ക്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ കഴിവതും വീടുകള്‍പാടില്ലെന്നും സുരക്ഷിതമായ പ്രദേശങ്ങളില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മിക്കണമെന്നുമാണ് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസ്സസ്മെന്‍റ് റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തത്. എല്ലാ നിര്‍മിതികളും വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തസാധ്യത മുന്നില്‍ കണ്ടാവണം. വീടോ കെട്ടിടമോ നാശം നേരിട്ടാല്‍ അതേ സ്ഥലത്ത് അതേ പോലെ കെട്ടിടം പണിയതുതെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. ഇത് പൂര്‍ണമായും അവഗണിക്കപ്പെട്ടെന്ന് 2019 മുതല്‍ 2026 വരെ സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ വ്യക്തമാക്കുന്നു.
ജലസ്രോതസുകളെ കുറച്ചു കാണരുത്
പുഴയോരങ്ങള്‍ , കടലിനോട് ചേര്‍ന്ന തീര പ്രദേശം, കുത്തനെയുള്ള മലഞ്ചെരിവുകള്‍, പാടവും ചതുപ്പും നികത്തി വീടും കെട്ടടവും നിര്‍മ്മിച്ച പ്രദേശങ്ങള്‍, മണ്ണിടിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങള്‍, ക്വാറികളുടെ സമീപമോ താഴെയോ ഉള്ള സ്ഥലങ്ങള്‍ ഇവയെല്ലാം ഏറ്റവു അപകട സാധ്യതയുള്ളവാണ്. ഇത്തരം സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്നത്. ഇവിടെ ജനവാസം ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രധാനം. അതിന് ശേഷം പ്രാദേശികമായ അഭിപ്രായം കൂടി ആരാഞ്ഞ് പ്രശ്നപരിഹാരം കാണണം.
കൃഷിഭൂമിക്കും വേണം മാപ്പിങ്
കൃഷിഭൂമിയും ഇതുപോലെ അപകട സാധ്യതാ മാപ്പിങിന് വിധേയമാക്കുകയും കര്‍ഷകരുടെ സഹരണത്തോടെ പരിഹാര നടപടികള്‍ ആവിഷ്ക്കരിക്കുകയുമാണ് വേണ്ടെതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചെങ്കുത്തായ മലമ്പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് ഏറ്റവും സാധ്യത. 2018 ല്‍കേരളത്തിലെമ്പാടും നാനൂറോളം ചെറുതും വലുതുമായ മണ്ണിടിച്ചിലുകളാണ് ഉണ്ടായത്.
നദീതട മാനേജ്മെന്‍റ്
2018 ലെ പ്രളയശേഷമുള്ള പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസ്സസ്മെന്‍റ് റിപ്പോര്‍ട്ട് ഏറ്റവും പ്രധാനമായും ഊന്നിപറഞ്ഞത്. നദികളുടെ കാച്ചമെന്‍റ് പ്രദേശങ്ങളിലും നദീ തടങ്ങളിലും വെള്ളപ്പൊക്കസാധ്യതാ മാപ്പിങ് അടിയന്തരമായി വേണമെന്നതാണ്. കൂടാതെ നദികള്‍ ഉടലെടുക്കുന്ന പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുക്കണം. ഒാരോ ജല സ്രോതസ്സിനെയും വിശദവും കൃത്യവുമായ പഠനത്തിനും നിരീക്ഷണത്തിനും വിധേയമാക്കിയാലെ അവയിലൂടെ എത്താനുള്ള അപകടസാധ്യത പ്രവചിക്കാനാവൂ.
മഴയെ അളക്കണം
മഴമാപിനികള്‍, അവയില്‍ നിന്നുള്ള വിവരശേഖരണവും വിലയിരുത്തലും , നിരന്തരവും കൃത്യവുമായ മുന്നറിയിപ്പ്, മുന്‍കരുതല്‍ നടപടികള്‍ എന്ന നിലയില്‍ മുന്നോട്ട് പോയാല്‍ വെള്ളം പൊങ്ങിയ ശേഷമുള്ള ജീവനും സ്വത്തിനുമുള്ള അപകടം ഇല്ലാതെയാക്കനോ കുറക്കാനോആകും. മേപ്പാടി മലനിരകളില്‍ ഇത് കൃത്യമായി ചെയ്തിരുന്നെങ്കില്‍ ദുരന്തത്തിലെ മരണസംഖ്യ കുറക്കാനാകുമായിരുന്നു,
റിപ്പോര്‍ട്ടിനെ എന്തിന് അവഗണിച്ചു?
സര്‍ക്കാരോ ദുരന്തനിവാരണ അതോറിറ്റിയോ ഇതിന് മുന്‍കൈ എടുത്തില്ല. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസ്സസ്മെന്‍റ് റിപ്പോര്‍ട്ട് മറ്റു പല റിപ്പോര്‍ട്ടുകളും പോലെ അവഗണിക്കപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാരിതര സംഘടനകളോ ഇക്കാര്യം ഉയര്‍ത്തിയില്ല. അടിസ്ഥാന പരമായ ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരം കാണാനോ കഴിയാത്തിടത്തോളം അതിവര്‍ഷം –വെള്ളപ്പൊക്കം–മണ്ണിടിച്ചില്‍– ദുരന്തം എന്ന ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും.