pinarayi-vijayan-criticizes-kerala-government-flood-management-failure
  • രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്‍റെ മൃതദേഹം കൈകാര്യം ചെയ്തതില്‍ വീഴ്ചയ്ക്കപ്പുറം വലിയ അനാദരവ് സംഭവിച്ചുവെന്നും പിണറായി വിജയന്‍

മഴക്കെടുതിയും പ്രളയവും കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും മുന്‍കരുതലുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചട്ടപ്രകാരം പ്രളയമുന്നറിയിപ്പ് നല്‍കിയില്ലെന്നും മഴ ആരംഭിച്ച ശേഷമാണ് മുന്നറിയിപ്പ് നല്‍കിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും മതിയായ മുന്‍കരുതലെടുക്കാതെ അലംഭാവം കാട്ടി. രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്‍റെ മൃതദേഹം കൈകാര്യം ചെയ്തതില്‍ വീഴ്ചയ്ക്കപ്പുറം വലിയ അനാദരവ് സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നറിയിപ്പില്ലാതെ മൂഴിയാര്‍ ഡാം തുറന്നത് റാന്നിയിലെ സ്ഥിതി വഷളാക്കിയെന്നും സാധാരണക്കാരെയും വ്യാപാരികളെയും ദുരിതത്തിലേക്ക് തള്ളിയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പലതും ഭാവനയില്‍ നിന്നാണ് പറയുന്നതെന്നും കഴിഞ്ഞ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും വിവാദത്തിനില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കടലില്‍ കാണാതായവരെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമയോചിതമായി ഹെലികോപ്ടറില്‍ തിരച്ചില്‍ നടത്തിയില്ലെന്ന് കുടുംബങ്ങള്‍ തന്നെ ആരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു. അവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് അവരെയാകെ ഒപ്പം നിര്‍ത്തുകയെന്നതാവണം ഈ ഘട്ടത്തില്‍ നമ്മള്‍ സ്വീകരിക്കേണ്ട സമീപനമെന്നും എന്നാല്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നും അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ അവലോകന യോഗത്തില്‍ കോന്നി എംഎല്‍എ കെ.യു.ജനീഷ്കുമാറിനെ മാറ്റി നിര്‍ത്തിയെന്നും പങ്കെടുപ്പിച്ചില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു. രാഷ്ട്രീയ വിവേചനം ഇത്തരം ഘട്ടത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്തതെന്നും എല്ലാവരും ഒന്നിച്ച് നിന്നാണ് ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തന്നെ ഒരുപക്ഷേ ആദ്യത്തെ സംഭവമാണിതെന്നും പിണറായി പറഞ്ഞു. 

'സംസ്ഥാനത്ത് അതീവ ഗുരുതരമായ പ്രതിസന്ധിയാണുണ്ടായത്. സംസ്ഥാനത്താകെ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാവരുടെയും വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. ദുരന്തമുഖത്ത് പകച്ച് നില്‍ക്കുന്ന ജനങ്ങളെചേര്‍ത്തുപിടിക്കാന്‍ കേരളമാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ്. സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന‍്റെ പൂര്‍ണ പിന്തുണ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. കണ്ണൂരില്‍ പലയിടത്തും വലിയ നാശനഷ്ടങ്ങളുണ്ടായി. ചെറുപുഴ ജോസ്ഗിരിയില്‍ ഉരുള്‍പൊട്ടിയുണ്ടായ റോഡ് തടസം ഒരാഴ്ചയായിട്ടും നീക്കാന്‍ കഴിഞ്ഞില്ലെന്നത് കടുത്ത അനാസ്ഥയാണ്. കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസം നേരിടുകയാണ്. 2018 ലേതിന് സമാനമായ കാലവര്‍ഷക്കെടുത്തി 2019 ലും നേരിടേണ്ടി വന്നു. ഇപ്പോള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്കുന്ന കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിലും ഭരണസംവിധാനങ്ങള്‍ക്ക് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന വിമര്‍ശനം ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കപ്പെടേണ്ടതാണ്. 

മണ്ണിടിച്ചിലുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അലംഭാവം കാട്ടി. കേരളത്തിന്‍റെ നൊമ്പരമായി മാറിയ രാജേഷിന്‍റെ വിയോഗം എല്ലാവരെയും കണ്ണീരിലാഴ്ത്തി. സഹജീവിയെ രക്ഷിക്കുന്നതിനിടയിലാണ് ആ ചെറുപ്പക്കാരന്‍റെ ജീവന്‍ നഷ്ടമായത്. അദ്ദേഹത്തിന്‍റെ മൃതദേഹം നാലുദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്. അത്തരം ഒരവസ്ഥയിലുള്ള മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമ്പോള്‍ അതിനൊരു ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കാന്‍ കഴിയാഞ്ഞത് ആശ്ചര്യമുണ്ടാക്കുന്നതാണ്. വീഴ്ചയ്ക്കപ്പുറം അനാദരവാണിതില്‍ പ്രകടമായതെന്നും അദ്ദേഹം പറ‍‌ഞ്ഞു. അതിതീവ്ര മഴ ആരംഭിച്ചപ്പോള്‍ ആ ഒറ്റ രാത്രി കൊണ്ട് റാന്നിയില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായി. വലിയ നാശനഷ്ടവും അവിടെയുണ്ടായി. ഇതേസമയം,മൂഴിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് വിടുകയും ചെയ്തു. അതും പ്രതിസന്ധിക്ക് കാരണമായി. വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും വലിയതോതിലുള്ള നഷ്ടമുണ്ടായി'- പിണറായി വിജയന്‍ പറഞ്ഞു.

ENGLISH SUMMARY:

Opposition Leader Pinarayi Vijayan criticized the state government for its failure to properly manage disaster relief and floods, pointing out a lack of adequate precautions and delayed flood warnings. In a press meet, Vijayan highlighted that alerts were issued only after the rains commenced despite warnings of landslides, and condemned the authorities for showing grave disrespect toward the body of rescue worker Rajesh during transport. He also blamed the unannounced opening of the Moozhiyar dam for worsening the situation in Ranni and plunging residents and traders into distress. Furthermore, he alleged political discrimination after Konni MLA K.U. Jenish Kumar was excluded from the district review meeting, and demanded urgent intervention to ensure proper infrastructure in relief camps and timely searches for missing persons at sea.