സംസ്ഥാനത്ത് ഇന്ന് മുൻകൂട്ടി അറിയിച്ചിരുന്ന രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടായില്ല. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണമാണ് പവർ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത വർദ്ധിച്ചതിനെ തുടർന്ന് KSEB ഒഴിവാക്കിയത്. കർണാടക, തമിഴ്നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ പ്രാദേശിക ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടായതാണ് കേരളത്തിന് തുണയായത്.
ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ഗ്രിഡ് വഴി കേരളത്തിലേക്ക് എത്തുകയും പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യത തടസ്സമില്ലാതെ തുടരുകയും ചെയ്തതോടെ സംസ്ഥാനത്തെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി.
പ്രതിദിനം നേരിട്ടിരുന്ന 700 മെഗാവാട്ടിന്റെ കുറവാണ് അയൽസംസ്ഥാനങ്ങളിലെ ഉപഭോഗക്കുറവു മൂലവും പവർ എക്സ്ചേഞ്ച് വഴിയുള്ള അടിയന്തര ലഭ്യത മൂലവും പരിഹരിക്കാൻ സാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ രണ്ടാം തവണയാണ് നിയന്ത്രണമില്ലാതെ സംസ്ഥാനം മുന്നോട്ടു പോകുന്നത്. കെ.എസ്.ഇ.ബി പോലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉയർന്നത്. ഇത് മൂലം രാത്രികാലങ്ങളിൽ ആളുകൾക്ക് വൈദ്യുതി തടസ്സമില്ലാതെ കിടന്നുറങ്ങാൻ സാധിക്കുന്ന സാഹചര്യമുണ്ടായതായി അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ ഈ ആശ്വാസം വരും ദിവസങ്ങളിലും തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വരുന്ന ദിവസങ്ങളിലും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രിഡ് ലഭ്യത സമാനമായ രീതിയിൽ തുടരുകയാണെങ്കിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല. എങ്കിലും പ്രതിസന്ധി പൂർണ്ണമായി മാറാത്തതിനാൽ അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.