വിദ്യാലയങ്ങളില്‍ റോഡ് സുരക്ഷാ സാക്ഷരതാ മിഷന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ രൂപരേഖ അന്തിമ ഘട്ടത്തിലാണെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തെ വാഹനങ്ങളുടെ സെന്‍സസിനും തുടക്കം കുറിച്ചു. 

ദിനംപ്രതിയെന്നോണം സംസ്ഥാനത്ത് അപകടനിരക്ക് കൂടുകയാണ്. ഇതിന് പ്രധാന കാരണം ഗതാഗത നിയമങ്ങള്‍ പാലിക്കാനുള്ള പൊതുജനങ്ങളുടെ വിമുഖതയാണ്. നിയമങ്ങള്‍ അനുസരിക്കാന്‍ വിദേശ രാജ്യങ്ങള്‍ പരസ്പരം മല്‍സരിക്കുമ്പോള്‍, എങ്ങനെ നിയമലംഘനം നടത്താമെന്ന ഗവേഷണത്തിലാണ് കേരളം. അതിനാലാണ് വിദ്യാലയങ്ങളില്‍ റോഡ് സുരക്ഷാ സാക്ഷരതാ മിഷന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  തീരുമാനിച്ചതെന്ന്  ഗതാഗത മന്ത്രി സി.പി. ജോണ്‍. 

അപകടങ്ങള്‍ പെരുകുന്നതിന് മാറ്റൊരു പ്രധാനകാരണമാണ് റോഡുകള്‍ കാലോചിതമായി വികസിക്കാത്തതും വാഹനപ്പെരുപ്പവും.  ഈ സാഹചര്യത്തിലാണ്  റോഡ് സെന്‍സസിന്‍റെ പ്രസക്തി. സംസ്ഥാനത്ത് ഒരു കോടി 92 ലക്ഷം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരു കോടി 10 ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമാണ്. ആറ് ലക്ഷം ട്രക്കുകളുണ്ട്. ഏഴ് ലക്ഷം ഓട്ടോറിക്ഷള്‍, രണ്ട് ലക്ഷം കാറുകള്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍. 

കൃത്യമായ സെന്‍സസിലൂടെ വാഹനപെരുപ്പത്തിന്‍റെ അളവ്  മനസിലാക്കാനും അതുവഴി ഭാവി ഗതാഗത സംവിധാനങ്ങള്‍ ഏത് രീതിയില്‍ വികസിപ്പിക്കണമെന്നും ധാരണയുണ്ടാക്കാനാകും. മലയാള മനോരമ സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. 

ENGLISH SUMMARY:

Kerala road safety initiatives are being strengthened with the planned implementation of a road safety literacy mission in schools. This program aims to address the rising accident rates by promoting adherence to traffic rules and understanding vehicle population through a comprehensive census.