വന്ദേമാതരം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗീതം ആലപിക്കുന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കും മുന്‍പ് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.  വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്യും.  വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നും അതാണ് തന്‍റെ സന്ദേശമെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രതികരിച്ചു.

വന്ദേമാതരം മുഴുവനായി പാടണോ വേണ്ടെ? ഇതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായമെന്താണ്? ഈ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍റെ മറുപടി.

ഓരോ മന്ത്രിമാരും പ്രത്യേകം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നു കൂടി വിദ്യാഭ്യാസ മന്ത്രി പറഞ്ഞതോടെ ഇക്കാര്യം മന്ത്രിസഭ  ചര്‍ച്ചചെയ്യുമെന്ന് വ്യക്തമായി. വ്യാഴാഴ്ചയാണ് മന്ത്രിസഭാ യോഗം. വന്ദേമാതരം പൂര്‍ണമായി ആലപിക്കുമെന്നും അതാണ് തന്‍റെ സന്ദേശമെന്നും പറഞ്ഞുകൊണ്ട് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കി. 

എല്ലാവീട്ടിലും ദേശീയപതാക എന്ന പദ്ധതിയുടെ ഭാഗമായി വന്ദേമാതരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം പൂര്‍ണമായി പാലിക്കണമെന്ന കാണിച്ച്  ചീഫ് സെക്രട്ടറി തദേശ സെക്രട്ടറിക്ക് കത്തയച്ചതോടെയാണ് സംഭവം വിവാദമായത്.  രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ മന്ത്രിസഭയുടെ തീരുമാനത്തിന് ചീഫ് സെക്രട്ടറി കാത്തിരിക്കേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് ചില മന്ത്രിമാര്‍ക്കുള്ളത്.  വന്ദേമാതരം ഔദ്യോഗിക ചടങ്ങുകളില്‍  ആലപിക്കുന്നെങ്കില്‍ പതിവുപോലെ രണ്ടു ഖണ്ഡിക മതി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെപോലെ ദേശീയ ഗാനം മാത്രം ആലപിച്ചാല്‍മതിയെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.

ENGLISH SUMMARY:

The Vande Mataram controversy continues as the Chief Secretary's letter regarding singing the national anthem at official functions has caused confusion. The Kerala cabinet will discuss the matter on Thursday, with the Governor emphasizing the full version of Vande Mataram.