കർക്കടക വാവുബലിക്കായി ഒരുങ്ങി ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം. ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനാൽ കാലാവസ്ഥ ബലിതർപ്പണത്തിന് വെല്ലുവിളിയാവില്ലെന്നാണ് പ്രതീക്ഷ
നാളെയാണ് കർക്കടക വാവുബലി. പിതൃകർമ്മങ്ങൾക്കായി ആയിരകണക്കിനാളുകൾ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെത്തും. ഇന്ന് രാത്രി മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ എത്തിതുടങ്ങും. നാളെ പുലർച്ചെ നാല് മണിക്ക് നടതുറക്കും.
ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പെരിയാറിലെ ജലനിരപ്പ് ഉയർന്നത്തോടെ കഴിഞ്ഞാഴ്ച്ച മുങ്ങികിടന്ന ക്ഷേത്രപരിസരത്തെല്ലാം ചളി അടിഞ്ഞിരിന്നു. ഇവ നീക്കം ചെയ്യുന്ന ജോലികൾ നടക്കുകയാണ്. അറുപതോളം ബലിപ്പുരകളാണ് ദേവസ്വം ബോർഡിന്റെ കീഴിൽ ലേലം ചെയ്യുന്നത്. ഇതിൽ പകുതിയിലധികം ബലിപ്പുരകൾ ലേലത്തിൽ പോയി.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷക്ക് അഞ്ഞൂറോളം പോലീസുകാരെ ക്ഷേത്രപരിസരത്ത് വിന്യസിക്കും. ആലുവയിലും പരിസരപ്രേദേശങ്ങളിലും ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. നാളെ പുലർച്ചെ 5 മുതൽ ആലുവയിൽ നിന്ന് മെട്രോ സർവീസ് ആരംഭിക്കും.