കൊച്ചി പറവൂരില്‍ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്കേറ്റത് ക്രൂരമായ അധിക്ഷേപം. മുടിവെട്ടിയതുകൊണ്ട് പെണ്‍കുട്ടിയാണെന്ന് പറയാനാകില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ കുട്ടിക്ക് സൗജന്യയാത്ര നിഷേധിക്കുകയായിരുന്നു. എല്ലാരെയും വിളിച്ച് കാണിച്ചുകൊടുത്തിട്ട് ‘ഇവളെ കണ്ടിട്ട് പെൺകുട്ടിയായി തോന്നുന്നുണ്ടോ... നീ പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ പറ്റില്ലാലോ... നെറ്റിയിൽ ഒട്ടിച്ചുവച്ചോ’ എന്ന് പറഞ്ഞ് കണ്ടക്ടര്‍ അപമാനിച്ചതായി വിദ്യാര്‍ഥിനി പറഞ്ഞു.
സ്കൂള്‍ കഴിഞ്ഞ് സഹപാഠികൾക്കൊപ്പം തിരിച്ച് വീട്ടിലേക്കു പോകുകയായിരുന്നു വിദ്യാര്‍ഥിനി. നേരത്തെ ഒരു തീര്‍ഥാടനത്തിന്‍റെ ഭാഗമായി പെണ്‍കുട്ടി തല മൊട്ടയടിച്ചിരുന്നു. മുടി പൂർണ്ണമായും വളർന്നിരുന്നില്ല. തുടര്‍ന്നാണ് കണ്ടക്ടര്‍ സൗജന്യയാത്ര നൽകാൻ കഴിയില്ലെന്നും പറഞ്ഞ് ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. ടിക്കറ്റ് അടിച്ചപ്പോള്‍ കൂട്ടുകാർ തന്നെ കണ്ടക്ടറോട് ഇത് പെൺകുട്ടിയാണെന്ന് കണ്ടക്ടറോട് പറഞ്ഞെന്നും എന്നാല്‍ ‘ഞങ്ങൾക്ക് തോന്നണില്ല... ഞാൻ ടിക്കറ്റ് അടിച്ചിട്ടുണ്ടെങ്കിൽ എനിക്ക് ആ പൈസ വേണം’ എന്ന് കണ്ടക്ടര്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി പറയുന്നു. കയ്യിൽ പൈസ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങിക്കോളാന്‍ പറഞ്ഞു. തുടര്‍ന്ന് താൻ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോളായിരുന്നു ആക്ഷേപവും പരിഹാസവും.
‘ബസിന്‍റെ പിറകില്‍ ഇരിക്കുന്നവരെയെല്ലാം വിളിച്ചിട്ട് കാണിച്ചുകൊടുത്തിട്ട് പറഞ്ഞു ‘ഇവളെ കണ്ടിട്ട് പെൺകുട്ടിയായിട്ട് തോന്നുന്നുണ്ടോ? എനിക്ക് എന്തായാലും തോന്നണില്ല’. എല്ലാവരും ചിരിക്കാൻ തുടങ്ങി. ഇയാളും ഭയങ്കര ചിരി തുടങ്ങി. പിന്നെ എന്റെ കൂട്ടുകാരി പറഞ്ഞു ‘ചേട്ടൻ എന്തിനാ അങ്ങനെയൊക്കെ ഒരു പെൺകുട്ടിയെ പറയണേ’ എന്ന്. എന്തായാലും ഡ്രസ്സ് ഊരി ഒന്ന് നോക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. നിന്റെ നെഞ്ചത്ത് എഴുതി ഒട്ടിച്ചുവയ്ക്കണം എന്നും പറഞ്ഞു’– വിദ്യാര്‍ഥിനി പറയുന്നു. കണ്ടക്ടര്‍ മാത്രമല്ല, ഡ്രൈവറും ബസില്‍ നിന്നിറങ്ങി ചീത്ത പറയാൻ വന്നെന്നും യാത്രക്കാരില്‍ ചിലരും തല്ലാൻ വന്നെന്നും മോശമായി രീതിയില്‍ സംസാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു.
സംഭവം വാര്‍ത്തയാകുകയും പലകോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടു. പൊലീസ് കേസെടുക്കുമെന്നും കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും വ്യക്തമാക്കി. പദ്ധതി തകര്‍ക്കാനുള്ള നീക്കമാണ് നടന്നതെന്ന് പറവൂര്‍ നഗരസഭാധ്യക്ഷനും സംഭവത്തില്‍ പ്രതികരിച്ചു.