മൃദംഗത്തിലും ഘടത്തിലും വിസ്മയം പെയ്യിക്കുന്ന തൃപ്പൂണിത്തുറ എന്‍. രാധാകൃഷ്ണന്‍ നാദോപാസനയുടെ അഞ്ചര പതിറ്റാണ്ട് പിന്നിടുകയാണ്. ഘട വിദ്വാന്മാരില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ മലയാളി. രാഷ്ട്രപതിയില്‍ നിന്ന് രാധാകൃഷ്ണന്‍ ചരിത്രം കൈയ്യൊപ്പു ചാര്‍ത്തിയ ആ പുരസ്ക്കാരം വ്യാഴാഴ്ച്ച ഏറ്റുവാങ്ങും.
മണ്‍പാത്രത്തില്‍ നാദക്കടലിരമ്പം തീര്‍ക്കുന്ന മാന്ത്രികന്‍, മൃദംഗത്തിലും ഘടത്തിലും വിരലുകളാല്‍ സംഗീതവര്‍ഷം പൊഴിക്കും. ഘടമാണ് കൂടുതല്‍ പ്രിയം. പത്താം വയസില്‍ മൃദംഗ വിദ്വാനായ പിതാവ് ജി. നാരായണ സ്വാമിയുടെ ശിക്ഷണത്തില്‍ അരങ്ങേറ്റം. 16–ാം വയസില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളമൊരുക്കി. എം.ഡി. രാമനാഥനും ബാലമുരളീകൃഷ്ണയുമടക്കം നിരവധി മഹാരഥന്മാരുടെ ഗാനവഴിക്ക് കൂട്ടായി.
സംഗീത കച്ചേരികളില്‍ യേശുദാസിന്‍റെ കൂടെ കൂടുതല്‍ തവണ പക്കവാദ്യമൊരുക്കിയ റെക്കോര്‍ഡ് ഒരുപക്ഷെ രാധാകൃഷ്ണനായിരിക്കും. 1976 ല്‍ തുടങ്ങി 2000 ലേറെ വേദികള്‍ യേശുദാസിനൊപ്പം. 26 വര്‍ഷമായി ജി.എന്‍. സ്വാമി സ്മാരക സംഗീത വിദ്യാലയം നടത്തുന്നു. ഘടലയതരംഗം എന്ന ഫ്യൂഷന്‍ ബാന്‍ഡിനും നേതൃത്വം നല്‍കുന്നു.