• 'ഞാന്‍ ചാവാന്‍ തീരുമാനിച്ച ഒരാളാണ്. അങ്ങനെയുള്ളവര്‍ക്ക് എങ്ങനെ ചത്താലെന്താ? എന്‍റെ ജീവിതം നഷ്ടപ്പെട്ടതല്ലേ? എന്‍റെ ജീവിതം എന്‍റെ കയ്യില്‍ നിന്ന് പോയതാണ്. അങ്ങനെയൊരാള്‍ക്ക് വെടികൊണ്ട് മരിക്കണോ, സയനൈഡ് കഴിക്കണോ, പൊട്ടിത്തെറിക്കണോ എന്നെല്ലാം ഞാനാണ് തീരുമാനിക്കുന്നത്'

മരിക്കുന്നത് വരെ താന്‍ ക്രിമിനലായി ജീവിക്കണമെന്നാണോ പറയുന്നതെന്ന ചോദ്യവുമായി അര്‍ജുന്‍ ആയങ്കിയുടെ വിഡിയോ. ആഭ്യന്തരമന്ത്രിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചാല്‍ നേരിട്ടെത്തി പൊന്നാടയണിയിക്കുമെന്നാണ് പറഞ്ഞതെന്നും അര്‍ജുന്‍ ആയങ്കിയുടെ വാദം. ഒരു മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി അവന്‍റെ ജീവിതം തകര്‍ത്ത കേസ് പുനരന്വേഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി ആഭ്യന്തരമന്ത്രി തയാറുണ്ടോ എന്നാണ് ചോദിച്ചതെന്നും അര്‍ജുന്‍ വിഡിയോയില്‍ അവകാശപ്പെട്ടു. താന്‍ ചാവാന്‍ തീരുമാനിച്ച ആളാണെന്നും അങ്ങനെയൊരാള്‍ക്ക് എങ്ങനെ ചത്താലും കുഴപ്പമില്ലെന്നും വിഡിയോയില്‍ പറയുന്നു.

വിഡിയോയിലെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ ചാവാന്‍ തീരുമാനിച്ച ഒരാളാണ്. അങ്ങനെയുള്ളവര്‍ക്ക് എങ്ങനെ ചത്താലെന്താ? എന്‍റെ ജീവിതം നഷ്ടപ്പെട്ടതല്ലേ? എന്‍റെ ജീവിതം എന്‍റെ കയ്യില്‍ നിന്ന് പോയതാണ്. അങ്ങനെയൊരാള്‍ക്ക് വെടികൊണ്ട് മരിക്കണോ, സയനൈഡ് കഴിക്കണോ, പൊട്ടിത്തെറിക്കണോ എന്നെല്ലാം അവരാണ് തീരുമാനിക്കുന്നത്. ഞാന്‍ ഒരാളെയും വെല്ലുവിളിക്കാനില്ല. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചിട്ടില്ല. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്നൊക്കെ പറയുന്നു. എന്തിനാണ് വെല്ലുവിളിച്ചത്? എനിക്കെതിരെയെടുത്ത കള്ളക്കേസ്, അത് പുനരന്വേഷിക്കാനാണ് പറഞ്ഞത്. ഒരുമന്ത്രിയോട് ഒരു കേസ് പുനരന്വേഷിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതെങ്ങനെയാണ് വെല്ലുവിളിയാകുക? ഒരു കള്ളക്കേസല്ലേ? ഒരു മനുഷ്യനല്ലേ പറയുന്നത്? മനുഷ്യനല്ലേ? പാര്‍ട്ടിയൊക്കെ പിന്നീടാവാം. 

ഒരു മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി, അവന്‍റെ ജീവിതം നശിപ്പിച്ച സംഭവം പുനരന്വേഷിക്കാന്‍ വേണ്ടി രാഷ്ട്രീയത്തിന് അതീതമായി അയാള്‍ മുന്നോട്ടേക്ക് വരുമോ എന്നാണ് ഞാന്‍ ചോദിച്ചത്. അങ്ങനെയെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് ഒരു പൊന്നാടയണിയിക്കും എന്നാണ് പറഞ്ഞത്. ഒരുമ്മ തരും എന്ന് എന്‍റെ മനസില്‍ തട്ടി ഞാന്‍ പറഞ്ഞതാണ്. മൂപ്പരങ്ങനെയൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരിട്ട് പോയി പൊന്നാടയണിയിക്കുമെന്നാണ് പറഞ്ഞത്. എന്‍റെ മനസില്‍ തട്ടി പറഞ്ഞതാണ്. കാരണം നമ്മളെ അത്രയും ബുദ്ധിമുട്ടിച്ച, ദ്രോഹിച്ച താറുമാറാക്കിയ ഒരു സംഭവമാണത്. 

അന്നാ സ്റ്റേഷനില്‍ വച്ച് ആ സിഐയോട് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ നശിപ്പിക്കുന്നത് നമ്മുടെ ജീവിതമാണ്, അതിനുള്ള മറുപണി ചെയ്തിട്ടേ ഇനി വേറെ എന്ത് പണിയുമെടുക്കൂവെന്ന് അയാളുടെ മുഖത്ത് നോക്കി പറ‍ഞ്ഞിട്ടാണ് അന്നിറങ്ങി വന്നത്. നിരപരാധികള്‍ വേട്ടയാടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരമുണ്ടല്ലോ, അതിന് പക്വതയുണ്ടാകണമെന്നില്ല. അത് കോടതിയില്‍ നിന്ന് പോലും അയാളെ ഹാബിച്വല്‍ ഒഫന്‍ഡര്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. നന്നാവാന്‍ തീരുമാനിച്ചിരിക്കുന്ന ഒരാളാണ് ഞാന്‍. ഒരാള്‍ക്കും സ്വയം നവീകരിക്കപ്പെട്ട് ഈ സമൂഹത്തില്‍ നല്ലൊരു മനുഷ്യനായി, പുതിയൊരു മനുഷ്യനായി ജീവിക്കാനുള്ള അവകാശമില്ലേ? മരിക്കുന്നത് വരെ ഞാന്‍ ക്രിമിനലാകണോ? അതോ എന്നെ മരിക്കുന്നത് വരെ ക്രിമിനലാക്കി കൊല്ലുക എന്നതാണോ കേരളാ പൊലീസിന്‍റെ ഉദ്ദേശം?'

മൂന്ന് ദിവസം സംസ്ഥാനമടച്ച് തിരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെയോടെ അര്‍ജുന്‍ ആയങ്കിയെ പൊലീസ് കണ്ണൂരിലെ ഫ്ലാറ്റില്‍ നിന്നും പിടികൂടിയത്.  ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. 

ENGLISH SUMMARY:

Following his arrest by the Kannur Town police from a flat after a three-day state-wide search, Arjun Ayanki released a video questioning if he is expected to remain a criminal for life and asserting his right to live as a reformed individual. In the video, he denied challenging the home minister, stating that his remarks were an appeal to reinvestigate a false case that ruined his life, transcending political boundaries.