ഒൻപത് കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ, ഒടുവില്‍ അവരെ ഒന്നിപ്പിച്ച് ഒരു കാലവര്‍ഷം. കാസർകോട് തയ്യേനി കൊയ്യിലംപാറ സ്വദേശി ജോർജും ഭാര്യ മേരിയുമാണ് ദുരിതാശ്വാസ ക്യാംപില്‍ വച്ച് വീണ്ടും ഒന്നിക്കുന്നത്. അതും എൺപതാം വയസ്സിൽ.
ആലപ്പുഴയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കാസർകോട് എത്തിയതാണ് ജോർജ്. കൊയ്യിലംപാറയിലെത്തി കൃഷിയും ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടെ കരിന്തളം സ്വദേശി മേരിയെ കണ്ട് ഇഷ്ടപ്പെട്ടു. വീട്ടുകാരുടെ സമ്മതം വാങ്ങി നാൽപത്തി രണ്ടാം വയസ്സിൽ വിവാഹം. ദാമ്പത്യമങ്ങനെ മുന്നോട്ട് പോകുന്നതിനിടയിൽ ചെറിയ സൗന്ദര്യപിണക്കം. തർക്കം തുടർന്നതോടെ എഴുപത്തി ഒന്നാം വയസ്സിൽ ഇരുവരും വേർപിരിഞ്ഞു.
ഒരു പതിറ്റാണ്ടോളം നീണ്ടു നിന്ന വേര്‍പിരിയല്‍. എന്നാല്‍ രണ്ടുദിവസം മുൻപാണ് തയ്യേനി കൊയിലംപാറ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശവാസികളെ തയ്യേനി ഗവ. ഹൈസ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഈ ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് ജോർജും മേരിയും വീണ്ടും ഒന്നിച്ചത്. 9 വർഷത്തെ പിണക്കങ്ങൾ മറന്ന് പുതിയ ജീവിതം തുടങ്ങിയെന്ന് ജോർജ് പറയുന്നു.
‘വിഷമമമുണ്ടായിരുന്നു. എന്‍റെ തമ്പുരാൻ എനിക്ക് വലിയ കാര്യമാ തന്നത്. അത് ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങളെ ഒന്നിപ്പിച്ച തമ്പുരാന് ഞാൻ ഇങ്ങനെ പിണങ്ങി നിന്നാൽ ഇഷ്ടപ്പെടുകയില്ല’– ജോർജ് പറഞ്ഞു. എല്ലാദിവസവും പ്രാർഥിക്കാറുണ്ടെന്നും പ്രാർഥന ദൈവം കേട്ടെന്നും മേരിയും പറയുന്നു. കാലവർഷക്കെടുതി സമ്മാനിച്ച ദുരിതത്തിനിടയിലും ജോർജും മേരിയും ഒന്നിച്ചതിന്‍റെ സന്തോഷം നാട്ടുകാർക്കുമുണ്ട്. ‘ഞങ്ങളുടെ നാട്ടിൽ ഒരു വലിയ ദുരന്തം ഉണ്ടായി. ആ ദുരന്തത്തിന്‍റെ ദുഃഖത്തിൽ ഇങ്ങനെ പങ്കു ഒരു സന്തോഷം വന്നു. പിരിഞ്ഞു കഴിഞ്ഞ ഇവര്‍ ഒന്നിക്കുന്ന കാര്യത്തിൽ ഞങ്ങൾ നാട്ടുകാര്‍ക്ക് വളരെയധികം സന്തോഷമുണ്ട്’– നാട്ടുകാര്‍ പറയുന്നു.
ക്യാമ്പിൽ നിന്ന് ഇറങ്ങിയാല്‍ രണ്ടുപേരും ഇനി കൊയ്യിലംപാറ വായിക്കാനത്തുള്ള വീടുകളിലേക്ക് പോവില്ല. മേരിക്ക് പാലാവയലിലുള്ള ചെറിയ വീട്ടിൽ ജീവിതം തുടരാനാണ് തീരുമാനം.