എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്ര | AI Genrated Image

ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് പ്രത്യേകമായി താമസിക്കണമെന്ന് മതിയായ കാരണമില്ലാതെ ഭാര്യ ആവശ്യപ്പെടുന്നത് മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. 9 വർഷത്തിലേറെയായി വേർപിരിഞ്ഞ് ജീവിക്കുന്നതും വിവാഹമോചനത്തിന് മതിയായ കാരണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹബന്ധം പൂർണമായും തകർന്ന നിലയിലാണെന്നതിനുള്ള തെളിവാണിതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു

  • കേസിന്റെ വഴി:

2015 ലാണ് കണ്ണൂർ ചെറുകുന്ന് സ്വദേശിയും, കാസർകോട് എളമ്പച്ചി സ്വദേശിനിയും വിവാഹിതരാകുന്നത്. വിവാഹസമയത്ത് ദുബായിലായിരുന്നു ഭർത്താവിന് ജോലി. ഏഴാം മാസം ഗർഭിണിയായിരുന്ന ഭാര്യ നാട്ടിലേക്ക് മടങ്ങുകയും പിന്നീട് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യ ദുബായിലേക്ക് മടങ്ങിയെത്തിയില്ല.

  • ഭർത്താവിന്റെ വാദം:

ഭാര്യയുടെ സഹോദരൻ മുഖേനയാണ് പിന്നീട് ആശയവിനിമയം നടന്നതെന്നാണ് ഭർത്താവ് കോടതിയെ അറിയിച്ചത്. ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കില്ലെന്നും രണ്ട് ബെഡ്റൂം ഫ്ലാറ്റ് ഒരുക്കിയാൽ മാത്രമേ തിരിച്ചുവരൂവെന്നും ഭാര്യ നിബന്ധനകൾ മുന്നോട്ടുവച്ചു. ഭർത്താവ് കോടതിയിൽ വാദിച്ചു. കുട്ടിയുടെ പേരിടൽ ചടങ്ങും, ചോറൂൺ ചടങ്ങും ഭർത്താവിനെയോ കുടുംബത്തെയോ അറിയിക്കാതെ നടത്തി. കുട്ടിക്ക് വിസയെടുക്കാൻ ഭാര്യ സഹകരിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 

  • ഭാര്യയുടെ നിലപാട് :

താൻ ഒരിക്കലും ഭർത്താവിനോട് ക്രൂരമായി പെരുമാറിയിട്ടില്ലെന്നാണ് ഭാര്യ വാദിച്ചത്. പ്രത്യേക താമസത്തിനോ രണ്ട് ബെഡ്റൂം ഫ്ലാറ്റിനോ ആവശ്യപ്പെട്ടിട്ടില്ല. അമ്മായിയമ്മയുടെ ഇടപെടലുകളാണ് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വിവാഹബന്ധം തുടരാൻ താൻ തയ്യാറായിരുന്നുവെന്നും അവർ വാദിച്ചു. 

വിവാഹമോചന ഹർജി കണ്ണൂർ കുടുംബകോടതി തള്ളിയതിനെ തുടർന്ന് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ സതീഷ് നൈനാനും, പി.കൃഷ്ണകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഭർത്താവിൻ്റെ അപ്പീൽ പരിഗണിച്ചത്.

ഇരുഭാഗത്തിന്റെയും വാദങ്ങളിൽ നിർണായക തെളിവായി പരിഗണിക്കപ്പെട്ടത് കോൾ റെക്കോർഡുകളായിരുന്നു. ഭാര്യയും, ഭർത്താവിന്റെ പിതാവും തമ്മിലുള്ള സംഭാഷണത്തിൽ ഭർത്താവോ അദ്ദേഹത്തിന്റെ മാതാവോ മോശമായി പെരുമാറിയിട്ടില്ലെന്ന് ഭാര്യ സമ്മതിക്കുന്ന ഭാഗങ്ങൾ ഉണ്ടെന്ന് കോടതി വിലയിരുത്തി. 

എന്നാൽ, വിവാഹമോചനം ഒഴിവാക്കാനാണ് അങ്ങനെ പറഞ്ഞതെന്ന ഭാര്യയുടെ വിശദീകരണം വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ സഹോദരനുമായുള്ള ഫോൺ സംഭാഷണവും ഭർത്താവിന് അനുകൂലമായ തെളിവായി. സംഭാഷണത്തിന്റെ ആധികാരികത ഭാര്യ ശക്തമായി നിഷേധിച്ചില്ലെന്നും, സഹോദരനെ സാക്ഷിയാക്കാൻ ഭർത്താവ് ശ്രമിച്ചെങ്കിലും സമൻസ് ലഭിച്ചിട്ടും അദ്ദേഹം ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ വാദം കൂടുതൽ വിശ്വസനീയമാണെന്ന് ബെഞ്ച് കണ്ടെത്തി. 

തുടർന്നാണ് മതിയായ കാരണമില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് പ്രത്യേക താമസം ആവശ്യപ്പെടുന്നത് തന്നെ മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കിയത്. ഭർത്താവിന്റെയും അമ്മായിയമ്മയുടെയും ഭാഗത്ത് നിന്ന് പീഡനം ഉണ്ടായെന്ന ഭാര്യയുടെ വാദം നിലനിൽക്കില്ല. ഇതോടൊപ്പം, ഒമ്പത് വർഷത്തിലേറെയായി ഇരുവരും വേർപിരിഞ്ഞ് കഴിയുന്ന സാഹചര്യവും കോടതി പ്രത്യേകം പരിഗണിച്ചു. 

ദീർഘകാല വേർപിരിയൽ മാനസിക ക്രൂരതയായി കണക്കാക്കാമെന്ന അലഹബാദ് ഹൈക്കോടതി വിധിയും ബെഞ്ച് പരാമർശിച്ചു. ഈ സുപ്രധാന വസ്തുതകൾ കുടുംബക്കോടതി പരിഗണിച്ചില്ലെന്നും അതിനാലാണ് തെറ്റായ നിഗമനത്തിലെത്തിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബക്കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി, ഭർത്താവിന്റെ അപ്പീൽ അനുവദിച്ച് ഇരുവരുടെയും വിവാഹമോചനം അനുവദിച്ചു.

ENGLISH SUMMARY:

Mental cruelty in marriage is a significant factor, and the Kerala High Court has ruled that a wife demanding separate living without sufficient reason from her husband's parents can be considered mental cruelty. This landmark decision was made on a petition by a Kannur native, highlighting that living separately for over 9 years also constitutes sufficient grounds for divorce.